ഇടുക്കി: കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുംപെട്ട് നിരവധി പേർക്കാണ് തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായത്. കൺമുന്നിൽവച്ച് കുടുംബമടക്കം എല്ലാം എന്നെന്നേക്കുമായി ഇല്ലാതാകുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടിവന്നവർ നിരവധിയാണ്. ഉരുൾപൊട്ടലിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് ഇടുക്കി കൊച്ചുതോവാളയിലെ പിഞ്ചു കുഞ്ഞ് അടക്കം ആറംഗകുടുംബം അത്‍ഭുതകരമായി രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനൊപ്പം വന്ന വൻ മരം മൂന്ന് ഭിത്തി തുളച്ച് കിടപ്പുമുറി വരെയാണ് എത്തിയത്.

എട്ടാം തീയതി പെയ്ത പെരുമഴയിലാണ് കൊച്ചുതോവാള സ്വദേശി ജെറിന്റെ വീടിന് പുറകിലുള്ള മലയിൽ ഉരുൾപൊട്ടലുണ്ടായത്. മലയുടെ ഒരുഭാഗം അടർന്ന് താഴേക്ക് വരുകയായിരുന്നു. കൂറ്റൻ പാറകഷ്ണങ്ങളും വൻ മരങ്ങളും പുരയിടത്തിലേക്ക് ഇടിച്ചുകയറി. ഭാ​ഗ്യത്തിനാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ജെറിന്റെ ഭാര്യ അനുഷ പറഞ്ഞു.

"

മഴപൂർണ്ണമായും മാറിയാൽ മാത്രമേ വീടിനകത്തെ മണ്ണ് നീക്കാൻ പോലും പറ്റുകയുള്ളൂ. ഉപജീവനമാർ​ഗമായ ഒന്നരയേക്കർ കൃഷി പാടെ നശിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ടുണ്ടാക്കിയ വീടും ഉപജീവനമാർഗവും നശിച്ചതോടെ ഇനിയെന്തെന്ന ആശങ്കയിലാണ് കുടുംബം.