Asianet News MalayalamAsianet News Malayalam

തെറ്റുകാര്‍ ശിക്ഷിക്കപ്പെടട്ടേ, ഇനി അനിയന് വേണ്ടി ജീവിക്കും: ജോളിയുടെ മകന്‍

എല്ലാ മരണങ്ങളും സ്വാഭാവികമായിരിക്കില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതും കീറിമുറിക്കുന്നതും വലിയ അപരാധമായി നാം പറയും, അത് തെറ്റാണ്. 17 വര്‍ഷം മുന്‍പ് മരിച്ച അച്ഛന്‍റേയും അമ്മയുടേയും അസ്ഥി കണ്ടാണ് ആ തെറ്റ് ഞാന്‍ തിരുത്തേണ്ടി വന്നത്. 

family of roy thomas thanked police
Author
Kochi, First Published Oct 6, 2019, 6:02 PM IST

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസിന്‍റെ ഭാവി എന്തായിരിക്കുമെന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് കൊല്ലപ്പെട്ട അന്നമ്മ-ടോം ദമ്പതികളുടെ മകളും റോയിയുടെ സഹോദരിയുമായ റെഞ്ചി. അച്ഛന്‍റേയും അമ്മയുടേയും സഹോരന്‍റേയും മരണം തീര്‍ത്തും സ്വഭാവികമായിരിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ സത്യം എന്താണെന്ന് ദൈവം കാണിച്ചു തന്നു.

ഞങ്ങള്‍ അറിയേണ്ട സത്യം ഞങ്ങള്‍ അറിഞ്ഞു കഴിഞ്ഞു. മറ്റൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും എല്ലാ ചോദ്യങ്ങള്‍ക്കമുള്ള ഉത്തരം ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ലഭിക്കുമെന്നും  കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട റെ‍ഞ്ചി പറഞ്ഞു. സഹോദരനും ജോളിയുടെ ഭര്‍ത്താവുമായ റോയിയുടെ മകന്‍ റോമോയ്ക്ക് ഒപ്പമാണ് റെഞ്ചി മാധ്യമങ്ങളെ കണ്ടത്. ഇവരുടെ വീടുകള്‍ പൊലീസ് സീല്‍ ചെയ്തതിനെ തുടര്‍ന്ന് റോയിയുടെ രണ്ട് മക്കളേയും കൂട്ടി റെ‍ഞ്ചി വൈക്കത്തെ വീട്ടിലേക്ക് പോരുകയായിരുന്നു. 

തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് തന്‍റെ അഭിപ്രായമെന്ന് ജോളിയുടേയും റോയിയുടേയും മകന്‍ റോമോ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം ദൈവം കാണുന്നുവെന്നും എല്ലാത്തിലും ദൈവത്തിന്‍റെ ഇടപെടലുണ്ടെന്നുമാണ് വിശ്വസിക്കുന്നത്. ആരേക്കുറിച്ചും ഒന്നും പറയാന്‍ ഞാനില്ല. എനിക്കിപ്പോള്‍ തളര്‍ന്നിരിക്കാന്‍ പറ്റില്ല എനിക്കൊരു അനിയനുണ്ട് ഞാന്‍ തളര്‍ന്നാല്‍ അവനും തളരും. അതുകൊണ്ട് ഞാനിതെല്ലാം നേരിടും ഈ പ്രതിസന്ധികളെ മറികടന്നു വരും. 

എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ. എല്ലാ സംശയങ്ങളും തീര്‍ക്കട്ടെ.  ഞാനൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. വിചാരിക്കാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ നടക്കുന്നത്.എല്ലാ സത്യങ്ങളും പുറത്തു വരട്ടെ. എന്‍റെ സംശയങ്ങളോ മറ്റുള്ളവരുടെ സംശയങ്ങളോ ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാം ദൈവത്തിന്‍റെ കൈയ്യില്ലാണ്. 

റെഞ്ചി ( മരണപ്പെട്ട അന്നമ്മയുടേയും ടോം തോമസിന്‍റേയും മകള്‍ റോയിയുടെ സഹോദരി)

ക്രൈംബ്രാഞ്ച് നല്ല രീതിയില്‍ അന്വേഷണം നടത്തിയത്.  17 അല്ല 25 വര്‍ഷമായാലും സത്യം തെളിയും എന്നതാണ് ഈ കേസില്‍ നിന്നും മനസ്സിലാക്കുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ചിലപ്പോള്‍ ഈ കേസ് തെളിയിക്കാന്‍ പറ്റില്ലെന്ന്പറയുന്നു. അതൊന്നും ഞങ്ങളെ ബാധിക്കില്ല. ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ സത്യം അറിഞ്ഞു. ജോളിയുടേയും ഷാജുവിന്‍റേയും മക്കള്‍ ഇനി ഞങ്ങളുടെ മക്കളാണ്. റോയിയുടെ മൂത്തമകന്‍ റോമോ എന്‍റെ കൂടെയുണ്ട്. സത്യം തെളിയട്ടെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടേ എന്ന നിഷ്പക്ഷമായ തീരുമാനമാണ് അവന്‍ എടുത്തിട്ടുള്ളത്. 

ഇത് ദൈവം കാണിച്ചു തന്നെ വഴിയാണ്. എന്‍റെ മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് ഞാനൊരിക്കലും സംശയിച്ചിരുന്നില്ല. ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറകോട്ട് പുറകോട്ട് ചിന്തിപ്പിച്ചത്. നടന്ന പല കാര്യങ്ങളും ഓര്‍ത്തെടുത്തപ്പോള്‍  ചിത്രം തെളിഞ്ഞു. എനിക്ക് സംശയിക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ എന്നാല്‍ ക്രൈംബ്രാഞ്ച് അതു തെളിയിച്ചു. എസ്.പി സൈമണ്‍ സാറിനോടും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ് സാറിനോടും സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജീവന്‍ സാര്‍ ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ എല്ലാവരോടും നന്ദിയുണ്ട്. 

ഞാനും സഹോദരനും ഒരുപാട് കഷ്ടപ്പെട്ടു. കുടുംബത്തില്‍ നിന്നോ നാട്ടില്‍ നിന്നോ ഒരു പിന്തുണയും ഞങ്ങള്‍ക്ക് കിട്ടിില്ല.  ആരേയും തേജോവധം ചെയ്യാനോ കരിവാരി തേയ്ക്കാനോ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. അച്ഛന്‍റേയും അമ്മയുടേയും മരണത്തില്‍ എന്തേലും ദുരൂഹതയുണ്ടോ എന്ന സംശയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ താങ്ങാന്‍ സാധിക്കാത്ത സത്യങ്ങളാണ് ഒടുവിലറിയേണ്ടി വന്നത്. എല്ലാ ജനങ്ങളോടും ഒന്നേ പറയാനുള്ളൂ. എല്ലാ മരണവും സ്വാഭാവികമായിരിക്കും എന്ന് നമ്മള്‍ വിചാരിക്കണ്ട. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതും കീറിമുറിക്കുന്നതും വലിയ അപരാധമായി നാം പറയുന്നു. 17 വര്‍ഷം മുന്‍പ് മരിച്ച അച്ഛന്‍റേയും അമ്മയുടേയും അസ്ഥി കണ്ടാണ് ആ തെറ്റിന് ഞാന്‍ വില കൊടുത്തത്. സംശയകരമായ സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നമ്മള്‍ മടിക്കരുത്. പിന്നീടൊരു സംശയത്തിന് അതോടെ അവസരമില്ലാത്താവും. 

സ്വത്ത് കൈകലാക്കാന്‍ ജോളിയുണ്ടാക്കിയ ഒസ്യത്ത് വ്യാജമാണ്. അതില്‍ പല തിരുത്തലുകളുണ്ടായിരുന്നു. ആദ്യം കിട്ടിയ ഒസത്യത്തില്‍ തീയതിയോ സ്റ്റാമ്പുകളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ഇതൊക്കെ വന്നു. ഒസത്ത്യല്‍ ഞങ്ങള്‍ക്ക് അറിയാത്ത ആളുകളാണ് സാക്ഷികളായി വന്നത്. 

പല വ്യാജസത്യങ്ങളും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വന്നത്. സത്യം സത്യമായി തെളിയട്ടെ. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നൊന്നും ഞാന്‍ പറയുന്നില്ല. എല്ലാം ക്രൈംബ്രാഞ്ച് കണ്ടെത്തട്ടെ. അച്ഛന്‍റേയും അമ്മയുടേയും മരണം സ്വാഭാവിക മരണമല്ല എന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. 

റോമോ - (കൊല്ലപ്പെട്ട റോയിയുടേയും ജോളിയുടേയും മകന്‍)

കുറ്റകൃത്യങ്ങളെ ഒരിക്കലും ന്യായീകരിക്കാനില്ല. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണ്ടേ. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെ. ഇപ്പോള്‍ പുറത്തു വരുന്ന ആരോപണങ്ങളേയും സംശയങ്ങളേയും കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ട് അതിലൂടെ സത്യം പുറത്തു വരട്ടെ ആരേക്കുറിച്ചും ഒന്നും പറയാന്‍ ഞാനില്ല. എനിക്കിപ്പോള്‍ തളര്‍ന്നിരിക്കാന്‍ പറ്റില്ല എനിക്കൊരു അനിയനുണ്ട് ഞാന്‍ തളര്‍ന്നാല്‍ അവനും തളരും. അതുകൊണ്ട് ഞാനിതെല്ലാം നേരിടും ഈ പ്രതിസന്ധികളെ മറികടന്നു വരും. 

മകള്‍ മരിച്ചിട്ടും ഷാജുവിന് വലിയ വേദന ഇല്ലാതിരുന്നത് എന്ന് എനിക്കറിയില്ല അതൊക്കെ ഒരോരുത്തരുടെ സ്വഭാവം പോലിരിക്കും. അതൊക്കെ ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ. എല്ലാ സംശയങ്ങളും തീര്‍ക്കട്ടെ.  ഞാനൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. വിചാരിക്കാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ നടക്കുന്നത്.സത്യം പുറത്തു വരട്ടെ. എന്‍റെ സംശയങ്ങളോ മറ്റുള്ളവരുടെ സംശയങ്ങളോ ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാം ദൈവത്തിന്‍റെ കൈയ്യില്ലാണ്. 

Follow Us:
Download App:
  • android
  • ios