പാലക്കാട്: വാളയാർ കേസില്‍ പ്രോസിക്യൂഷനെതിരെ പെണ്‍കുട്ടികളുടെ കുടുംബം. പ്രോസിക്യൂഷൻ പറഞ്ഞ് പറ്റിച്ചെന്നാണ് പെൺകുട്ടികളുടെ കുടുംബം ആരോപിക്കുന്നത്. പ്രോസിക്യൂഷനെതിരെ മാത്രമല്ല  അന്വേഷണ സംഘത്തിന് എതിരെയും നടപടി വേണം. അന്വേഷണ അംഗങ്ങളെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍റെ വീഴ്ച മനസ്സിലായത് കൊണ്ടാണ് സര്‍ക്കാര്‍ നടപടിയെന്നും കോടതിയിലും സർക്കാരിലും പൂർണ്ണ വിശ്വാസമെന്നും കുടുംബം പറഞ്ഞു. 

വാളയാർ കേസിൽ വീഴ്ചവരുത്തിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ഇന്നലെ പുറത്താക്കിയിരുന്നു. അഡ്വ. ലത ജയരാജിനെ മാറ്റാനുളള ഉത്തരവിൽ ഒപ്പുവച്ചെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. വാളയാറിൽ രണ്ട് പെൺകുട്ടികളുടെ ദുരൂഹമരണിൽ പ്രോസിക്യൂഷന്‍റെ വീഴ്ച കൊണ്ടാണ് പ്രതികൾ കുറ്റവിമുക്തരാവാൻ കാരണമെന്ന് ആരോപണമുയർന്നിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ലെന്ന മുൻ നിലപാട് തന്നെയായിരുന്നു അഡ്വ. ലത ജയരാജിന്‍റേത്.