വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത കൃഷിഭൂമി തിരികെ ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം 2015 ഓഗസ്റ്റ് 15 നാണ് വയനാട് കളക്ടറേറ്റ് പടിക്കൽ സമരം തുടങ്ങിയത്.
വയനാട്: കാഞ്ഞിരത്തിനാൽ കുടുംബം വയനാട് കളക്ടറേറ്റ് (Wayanad Collectorate) പടിക്കൽ നടത്തുന്ന സമരം ഏഴ് വർഷം പിന്നിട്ടിട്ടും നീതി അകലെ. വനംവകുപ്പ് പിടിച്ചെടുത്ത കൃഷി ഭൂമി തിരികെ ആവശ്യപ്പെടുന്ന കുടുംബവുമായി സർക്കാരിന് ഇതുവരെ സമവായത്തിലെത്താനായില്ല. വയനാട് കാഞ്ഞിരങ്ങാട് വില്ലേജിൽ വില കൊടുത്ത് വാങ്ങിയ 12 ഏക്കർ കൃഷിഭൂമി അടിയന്തരാവസ്ഥ കാലത്താണ് വനംവകുപ്പ് ഏറ്റെടുത്തത്. സ്വന്തം ഭൂമിയിൽ കയ്യേറ്റക്കാരായി ഒരു കുടുംബമൊന്നാകെ തെരുവിലേക്കെറിയപ്പെട്ടു. വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത കൃഷിഭൂമി തിരികെ ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം 2015 ഓഗസ്റ്റ് 15 നാണ് വയനാട് കളക്ടറേറ്റ് പടിക്കൽ സമരം തുടങ്ങിയത്.
വനം വകുപ്പ് പിടിച്ചെടുത്തത് കാഞ്ഞിരത്തിനാൽ കുടുംബം വിലയ്ക്കു വാങ്ങിയ കൃഷി ഭൂമിയാണെന്ന് വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തിയതാണ്. എന്നാൽ കുടുംബത്തിന്‍റെ നിയമപോരാട്ടങ്ങളിൽ സർക്കാർ ഒപ്പം നിന്നില്ല.
ഭൂമി തിരികെ നൽകുകയോ കമ്പോള വില ലഭ്യമാക്കുകയോ ചെയ്യണമെന്ന നിലപാടിലാണ് കാഞ്ഞിരത്തിനാൽ കുടുംബം. പകരം ഭൂമി നൽകാൻ സർക്കാർ സന്നദ്ധത അറിയിച്ചെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ല. കമ്പോള വിലയുടെ കാര്യത്തിൽ കുടുംബവും സർക്കാരും സമവായത്തിലെത്തിയില്ല. സെന്റിന് 15,000 രൂപയാണ് ജില്ലാ ഭരണകൂടം കണക്കാക്കിയത്. കുടുംബസമേതം ജീവനൊടുക്കുന്നതിന് അനുമതി തേടി കാഞ്ഞിരത്തിനാൽ കുടുംബം രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചിട്ടുണ്ട്.
സോഷ്യൽ വർക്കർ നിയമനത്തിൽ ഗോത്രവിഭാഗ ഉദ്യോഗാർത്ഥികളെ തഴയുന്നു; 54 ഒഴിവിലേക്ക് നിയമനം ലഭിച്ചത് 4 പേര്‍ക്ക്
വയനാട്: പട്ടികവർഗ വകുപ്പിന് കീഴിലുള്ള കമ്മിറ്റഡ് സോഷ്യൽ വർക്കർ നിയമനത്തിൽ (Social Workers) ഗോത്രവിഭാഗ ഉദ്യോഗാർത്ഥികളെ തഴയുന്നു. തസ്തികയിലേക്ക് എസ് ടി വിഭാഗത്തിന് മുൻഗണന നൽകുമെന്ന സർക്കാർ വിജ്ഞാപനം കടലാസിലൊതുങ്ങിയെന്നാണ് പരാതി. ഒഴിവുള്ള 54 തസ്തികയിലേക്ക് പട്ടികവർഗ വിഭാഗത്തിൽ നിന്ന് നാലുപേർ മാത്രമാണ് ലിസ്റ്റിലുള്ളത്. ആദിവാസികളുടെ ഉന്നമനത്തിനും സർക്കാർ സേവനങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് 2014 ൽ കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിച്ചത്.
ഇവരിലേറെയും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ ആദിവസി ഉദ്യോഗാർത്ഥികളായിരുന്നു. എന്നാൽ നേരത്തെയുണ്ടായിരുന്നവരെ പിരിച്ചുവിട്ട് 54 പേരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കാനാണ് സർക്കാർ തീരുമാനം. തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച രണ്ടായിരത്തോളം പേരിൽ 160 പേർ പട്ടികവർഗ വിഭാഗത്തിലുള്ളവരാണ്. ഇതിൽ നാലുപേര്‍ മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. അഭ്യസ്തവിദ്യരായ ഒട്ടേറെ പേർ എസ്ടി വിഭാഗത്തിലുള്ളപ്പോൾ ഈ മേഖലയിലെ സോഷ്യൽ വർക്കിലേക്ക് മറ്റുള്ളവരെ നിയമിക്കുന്നത് നീതിനിഷേധം ആണെന്നാണ് പരാതി. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ആദിവാസി ഗോത്രമഹാസഭ ഈ മാസം 21ന് വയനാട് കളക്ടറേറ്റിന് മുന്നിലും മാർച്ച് നാലിന് സെക്രട്ടേറിയറ്റിലും സത്യഗ്രഹ സമരം നടത്തും.
