വീട്ടിനുള്ളില്‍ വിഷവാതകം നിറച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു.
തൃശ്ശൂര്‍: കൊടുങ്ങല്ലൂർ (Kodungallur) ഉഴുവത്ത് കടവിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. സോഫ്റ്റ് വെയർ എഞ്ചിനീയറായ ആസിഫും ഭാര്യയും രണ്ട് പെൺമക്കളുമാണ് മരിച്ചത്. ഇവരുടെ മുറിയിൽ വിഷവാതകത്തിന്‍റെ സാനിധ്യമുള്ളതായി പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തി. നാലുപേരെയും വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുനില വീടിന്‍റെ മുകളിലത്തെ നിലയിലാണ് ആസിഫും കുടുംബവും കിടന്നിരുന്നത്. രാവിലെ പത്ത് മണിയായിട്ടും ഇവർ താഴേക്ക് ഇറങ്ങി വന്നില്ല. ഇതോടെ താഴെയുണ്ടായിരുന്ന ആസിഫിന്‍റെ സഹോദരി അയൽവാസികളെ കൂട്ടി വന്ന് വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു.
വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ കാർബൺ മോണോക്സൈഡിന്‍റെ സാന്നിധ്യമുണ്ട്. ജനാലകൾ ടേപ്പ് വെച്ച് ഒട്ടിച്ചിരുന്നു. വേദനയില്ലാതെ മരിക്കാനായിരിക്കാം കാര്‍ബണ്‍ മോണോക്സൈഡ് ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന ആസിഫിന്‍റെ കുറിപ്പ് കണ്ടെത്തി. വലിയ തുക കടമുള്ളതായും കുറിപ്പിൽ പറയുന്നു. 40 വയസുള്ള ആസിഫ് അമേരിക്കയിലെ ഒരു ഐ ടി കമ്പനിയിൽ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഏറെ നാളായി വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. ഒരു കോടിയിലേറെ രൂപ മുടക്കിയാണ് വീട് പണിതത്. അടുത്തിടെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നതായും സൂചനയുണ്ട്. ഇതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.
- നേതൃത്വത്തിനെതിരെ പ്രവർത്തകർ; കാസർകോട് ബിജെപി ജില്ലാ ഓഫീസ് പ്രതിഷേധക്കാർ താഴിട്ട് പൂട്ടി
കാസർകോട്: കാസർകോട് ബിജെപി ജില്ലാ ഓഫീസ് (BJP Office) പാർട്ടിയിലെ തന്നെ പ്രതിഷേധക്കാർ പൂട്ടിയിട്ടു. കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഎം - ബിജെപി കൂട്ടുകെട്ടിനെതിരെയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പ്രശ്നത്തിൽ കെ സുരേന്ദ്രൻ നേരിട്ടത്തി ചർച്ച നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
സുരേന്ദ്രൻ ഇന്ന് കാസർകോട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. പല തവണ നേതൃത്വത്തിന് വിഷയത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. രാവിലെ മുതലാണ് കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധം തുടങ്ങിയത്. രാവിലെ 9.30യ്ക്ക് തുടങ്ങിയ മുദ്രാവാക്യം വിളിയും, ഉപരോധവും രണ്ടര മണിക്കൂറോളം നീണ്ടു. ഇന്ന് കാസർകോടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കെ സുരേന്ദ്രൻ എത്താതിരുന്നതാണ് പ്രതിഷേധം നടത്താൻ പ്രവർത്തകരെ പ്രേരിപ്പിച്ചത്.
കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് സിപിഎമ്മുമായി കൂട്ടുചേർന്നു മത്സരിച്ചുവെന്നാണ് ആക്ഷേപം. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാന വഹിക്കുന്ന പ്രേമലത, പ്രേമാവതി എന്നിവരെ പുറത്താക്കണമെന്നും ഈ പദ്ധതി ആവിഷ്കരിച്ച മുൻ ജില്ലാ പ്രസിഡൻ്റ് ശ്രീകാന്ത്, മണികണ്ഠ റൈ, പി സുരേഷ് കുമാർ ഷെട്ടി എന്നീ നേതാക്കൻമാർക്കെതിരെ നടപടി വേണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.
2020 ഡിസംബറിലാണ് വിവാദങ്ങളുടെ തുടക്കം, തെരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ പ്രവർത്തകർ പരാതിയുമായി നേതൃത്വത്തെ സമീപിച്ചു. ഇത്രയും കാലമായി നടപടിയെടുത്തില്ല. സൂത്രധാരൻമാരായ മൂന്ന് പേർക്കും പാർട്ടി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ജില്ലാ പ്രസിഡൻ്റായിരുന്ന ശ്രീകാന്ത് ഇപ്പോൾ സംസ്ഥാന സെക്രട്ടറിയാണ്, സുരേഷ് കുമാർ ഉത്തരമേഖല ജനറൽ സെക്രട്ടറിയാണ്. മണികണ്ഠ റൈ ഇപ്പോൾ ജില്ലാ സെക്രട്ടറിയാണ്.
പ്രവർത്തകരുടെ വാക്ക് മാനിക്കാത്ത രീതിയാണ് സംസ്ഥാന നേതൃത്വത്തിന്‍റേതെന്നും പ്രശ്നം പരിഹരിക്കാതെ ഓഫീസ് തുറക്കാൻ അനുവദിക്കില്ലെന്നും പ്രവർത്തകർ പറയുന്നു. ഒരു തരത്തിലുള്ള ബിജെപി പരിപാടിയും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇവർ. നാല് ദിവസത്തിനകം വിഷയത്തിൽ ഒരു തീരുമാനമുണ്ടാകണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
