ചെന്നൈ: പ്രശസ്ത നടിയും ദേശീയ പുരസ്കാരജേതാവുമായ രാധാമണി അന്തരിച്ചു. ചെന്നൈ വടപളനിയിലെ വീട്ടിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധിയായ രോഗത്തെ തുടർന്നാണ് മരണം. പ്രേംനസീർ, സത്യൻ, മോഹൻലാൽ, മമ്മൂട്ടി. ഷാരൂഖ് ഖാൻ തുടങ്ങി മുൻ നിര നായകർക്കൊപ്പം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് വിടവാങ്ങിയത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലും നൂറോളം ചിത്രങ്ങൾ രാധാമണി പ്രേക്ഷകർക്കായി സമ്മാനിച്ചു. 

 

ദേശീയ പുരസ്കാരത്തിനർഹമായ അരവിന്ദൻ ചിത്രം ഉത്തരായനത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് രാധാമണിയായിരുന്നു. ചിത്രത്തിലെ അഭിനയം രാധാമണിക്കും ദേശീയ പുരസ്കാരം നേടിക്കൊടുത്തു. സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ താമ്പ്രാൻ തൊടുത്തത് മലരമ്പ് എന്ന പാട്ടിനൊപ്പം ജയഭാരതിയും രാധാമണിയും വച്ച ചുവടുകൾ ഇന്നും ആദ്യകാല സിനിമാ പ്രേക്ഷകരുടെ മനസിൽ മായാതെ ഉണ്ട്. തിലകന്റെ ആദ്യ സിനിമയായ പെരിയാറിലെ സഹോദരീ വേഷവും ശ്രദ്ധേയമായി. 

 

കൊടിയേറ്റം, അരക്കള്ളൻ മുക്കാൽ കള്ളൻ എന്നിവയാണ് രാധാമണി വേഷമിട്ട മറ്റ് പ്രധാന ചിത്രങ്ങൾ. എന്നാൽ നിർമാണരംഗത്ത് ഭാഗ്യം പരീക്ഷിച്ച രാധാമണിക്ക് പരാജയം ആയിരുന്നു ഫലം. നിലവിളക്ക് എന്ന നിർമാണസംരഭം രാധാമണിയെന്ന നടിയുടെ പ്രൌഡജീവിതത്തിന് വിരാമമിട്ടു. അവസാനകാലത്ത് പരാധീനതകളുടെ ലോകത്തായിരുന്നു രാധാമണി.

ജിവിക്കാൻ പണം ഇല്ലാതെ കഷ്ടപ്പെടുന്ന രാധാമണിയുടെ വാർത്ത മാധ്യമങ്ങളിൽ വാർത്തയായി. തുടർന്ന് ചിലർ സഹായഹസ്തവുമായി എത്തി. സംസ്ഥാന സർക്കാരും സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിൽ നിന്ന് ഒരു ലക്ഷം രൂപയുടെ സഹായം രാധാമണിക്ക് നൽകിയിരുന്നു.മകന് പറ്റിയ അപകടവും ചികിത്സാ ചെലവും തളർത്തിയതിന് പിന്നാലെയാണ് ദുരന്തം ഇരട്ടിയാക്കി ശ്വാസകോശ രോഗവും രാധാമണിയെ പിടികൂടിയത്.

ഒടുവിൽ ഈ രോഗം തന്നെയാണ് ആ കലാകാരിയുടെ ജീവിതത്തിന് വിരാമമിട്ടതും. ശ്വാസകോശസംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വൈകിട്ടോടെ വടപളനിയിലെ വീട്ടിൽ ആയിരുന്നു അന്ത്യം. രാധാമണിയുടെ സംസ്കാരം നാളെ രാവിലെ 11 മണിക്ക് ചെന്നൈയിൽ നടക്കും.