Asianet News MalayalamAsianet News Malayalam

പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം.കൃഷ്ണൻ നായർ അന്തരിച്ചു

രാജ്യം പത്മശ്രീ (padmasree)നൽകി ആദരിച്ചിരുന്നു

famous oncologist dr m krishnan nair died
Author
Thiruvananthapuram, First Published Oct 28, 2021, 8:05 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കാൻസർ ചികിത്സാ-ഗവേഷണ രംഗത്തെ അതികായനായ ഡോക്ടർ എം കൃഷ്ണൻനായർ (81) അന്തരിച്ചു. തിരുവനന്തപുരം ആർസിസിയുടെ സ്ഥാപകനാണ്. അത്യാധുനിക ചികിത്സ കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഉറപ്പാക്കാനുളള്ള കാൻസർ കെയർ ഫോർ ലൈഫ് പദ്ധതിയുടെ അമരക്കാരനായ അദ്ദേഹത്തെ 2001ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

അർബുദം വന്നാൽ ജീവിതം അവസാനിക്കുകയല്ലെന്ന വലിയ സന്ദേശം നൽകുന്നതായിരുന്നു ഡോക്ടർ കൃഷ്ണൻനായരുടെ കാഴ്ചപ്പാട്. മഹാരോഗത്തിൻറെ ചികിത്സാ ചെലവ് ഓർത്ത് പകച്ചു നിന്ന പതിനായിരങ്ങൾക്ക് ആശ്വാസമായ വലിയ ഡോക്ടർ. തിരുവനന്തപുരം പേരൂർക്കടയിലെ ചിറ്റല്ലൂർ കുടുംബത്തിൽ മാധവൻനായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1939ലായിരുന്നു ജനനം. 1963 ൽ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി. ഒങ്കോളജിയിലായിരുന്നു പിജി ചെയ്തത്. 

ലണ്ടനിലെ വിദഗ്ധ പഠനത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കാൻസർ ചികിത്സയ്ക്കായി ഒരു യൂണിറ്റ് തുടങ്ങി. കേരളത്തിലെ അർബുദചികിത്സാരംഗത്തെ  നാഴികകല്ലായിരുന്നു അത്.  അർബുദ ചികിത്സയെ കുറിച്ചുള്ള ദീർഷവീക്ഷണവും ആതുരവേനത്തോടെലുള്ള സമർപ്പണമനോഭാവവുമാണ് 1981ൽ ആർസിസിയുടെ  സ്ഥാപകനായി അദ്ദേഹത്തെ മാറ്റിയത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആർസിസി വളർന്നുവലുതായി. കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ക്യാൻസർ രോഗികൾ ആശ്രയം തേടി ആർസിസിയിലേക്ക് എത്തി. 

ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും സമഗ്രവുമായ കാൻസർ ചികിത്സാകേന്ദ്രങ്ങളിലൊന്നായി തിരുവനന്തപുരം ആർസിസി മാറി. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി എന്നിങ്ങനെ അർബുദ ചികിത്സയിലെ സമസ്ത മേഖളകളിലേക്കും അദ്ദേഹം ശ്രദ്ധ തിരിച്ചു.  100 രൂപ അടച്ചാൽ ചികിത്സ ഉറപ്പാക്കുന്ന കാൻസ‍ർ ഫോർ ലൈഫ് ലോകത്തെ തന്നെ അസാധാരണ മാതൃകയായി. 

ജോൺ ഹോപ്കിൻസി സർവകലാശാലയും ആർസിസിയുമായി ചേ‍ർന്നുള്ള  മരുന്ന് പരീക്ഷണ വിവാദവും വലിയ ചർച്ചയായി. എന്നാൽ കേന്ദ്ര ഏജൻസി ആരോപണങ്ങൾ തള്ളി. 2003 വരെ അദ്ദേഹം ആർസിസി ഡയറക്ടറായി തുടർന്നു. ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നതിലും വലിയ പങ്കുവഹിച്ച കൃഷ്ണൻ നായർ, ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ ഉപദേശക സമിതിയിലും  അംഗമായി.

ഡോ. എം. കൃഷ്ണന്‍ നായരുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്ഥാനത്തെ ക്യാന്‍സര്‍ ചികിത്സാ രംഗത്തെ പുരോഗതിയില്‍ കൃഷ്ണന്‍ നായര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി അനുസ്മരിച്ചു. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടറും പത്മശ്രീ ജേതാവും ആയിരുന്നു. സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന വിധം ആര്‍.സി.സി.യെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രമുഖനാണെന്നും മന്ത്രി ഓര്‍മ്മിച്ചു.

ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയൊരു സേവന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. സാങ്കേതികവിദ്യയും രോഗീ സൗഹൃദ സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ആര്‍.സി.സി.യെ ലോകോത്തര സ്ഥാപനമാക്കി വളര്‍ത്തിയെടുത്തത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

Follow Us:
Download App:
  • android
  • ios