Asianet News MalayalamAsianet News Malayalam

നിയമസഭാ അ‌ന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇരട്ടി മധുരം; പ്രിയ എഴുത്തുകാര്‍ വരുന്നു...

വായനക്കാരുമായി അനുഭവങ്ങൾ പങ്കിടാൻ എത്തുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ സാന്നിധ്യമാണ് പുസ്തകോത്സവത്തിന്റെ ആറാം നാളിന്റെ സവിശേഷതകളിലൊന്ന്. 

famous writers will attend Kerala Legislature International Book Festival SSM
Author
First Published Nov 5, 2023, 4:36 PM IST

തിരുവനന്തപുരം: എം മുകുന്ദൻ, പ്രഭാവർമ്മ, സുഭാഷ് ചന്ദ്രൻ, ടി.ഡി രാമകൃഷ്ണൻ, സി വി ബാലകൃഷ്ണൻ, ഡോ വൈശാഖൻ തമ്പി, കെ പി രാമനുണ്ണി, മാലൻ നാരായണൻ എന്നീ വായനക്കാരുടെ പ്രിയ എഴുത്തുകാർ നാളെ (നവംബര്‍ 6) നിയമസഭാ അ‌ന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തും. വായനക്കാരുമായി അനുഭവങ്ങൾ പങ്കിടാൻ എത്തുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ സാന്നിധ്യമാണ് പുസ്തകോത്സവത്തിന്റെ ആറാം നാളിന്റെ സവിശേഷതകളിലൊന്ന്. 

വേദി ഒന്നിൽ വൈകിട്ട് നാലിന് 'നോവലിന്റെ വഴികൾ' പരിപാടിയിൽ എം മുകുന്ദൻ വായനക്കാരോട് സംവദിക്കും. വേദി രണ്ടിൽ ഉച്ചയ്ക്ക് 12.15 ന് 'കവിതയിലെ ഭാവുകത്വം' വിഷയത്തിൽ പ്രഭാവർമ്മ സംസാരിക്കും. അതേ വേദിയിൽ മൂന്ന് മണി മുതൽ 'കഥയുണ്ടാകുന്ന കഥ' പരിപാടിയിൽ എഴുത്തനുഭവങ്ങൾ പങ്കിടാൻ സുഭാഷ് ചന്ദ്രൻ എത്തും. വൈകിട്ട് 6.30 ന് കെഎൽഐബിഎഫ് ഡയലോഗ്സിൽ ടി.ഡി.രാമകൃഷ്ണൻ, വി.ജെ ജെയിംസ് എന്നിവർ പുതിയ കാലത്തിലെ പുതിയ എഴുത്തിനെ കുറിച്ച് സംസാരിക്കും.

വേദി കീഴടക്കിയ ഭാവ താള ചാരുത

നിയമസഭാ അ‌ന്താരാഷ്ട്ര പുസ്തകോത്സവ കലാസന്ധ്യയിൽ  ലാസ്യഭാവങ്ങളും ചടുല താളങ്ങളും ഒന്നാം വേദിക്ക് മിഴിവേകി. ഹസ്തമുദ്രകളുടെ ചലനത്തിലൂടെ ലാസ്യ ഭാവത്തിൽ മോഹിനിയാട്ടത്തിന്റെ വിസ്മയം തീർക്കുകയായിരുന്നു നർത്തകർ.  പ്രശസ്ത നർത്തകിയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ മകളുമായ അശ്വതി വി. നായരും ഭർത്താവ് ശ്രീകാന്തും ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം സദസിനെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ചു. നൃത്തത്തിലുടനീളമുള്ള ആവിഷ്കാര സാധ്യതകളെ കാഴ്ചക്കാരന് അനുഭവവേദ്യമാക്കാൻ സാധിക്കുന്ന ശൈലിയിലായിരുന്നു അ‌വതരണം. 

തുടർന്ന് ശ്രീലേഖ പി ടി, ഗീതു സേതുനാഥ്, പ്രീത രാജു എന്നിവർ ഒരുക്കിയ ഭരതനാട്യവും ശ്രദ്ധേയമായി. നാട്യവേദ കോളേജ് ഓഫ് പെർഫോമിംഗ് ആർട്സിലെ രേഷ്മ സുരേഷ്, നവമി ബി., ചിത്ര ആർ.എസ്. നായർ എന്നിവർ അവതരിപ്പിച്ച മോഹിനിയാട്ടം മലയാണ്മയുടെ ലാസ്യ ഭംഗി മൊത്തം പകർന്ന് നൽകുന്ന മനോഹര കാഴ്ചയായി. നേത്രഭാവങ്ങളിലൂടെ മോഹിനിയാട്ടത്തിന്റെ മനോഹാരിത കൊണ്ട് നർത്തകർ വിരുന്നൂട്ടി. കഥകളുടെയും കവിതകളുടെയും സംഗമഭൂമിയിൽ മുദ്രകളും ഭാവങ്ങളും കൊണ്ട് കഥ പറഞ്ഞ് അവിസ്മരണീയമായ ഒരു സായാഹ്നമാണ് നർത്തകർ അനുവാചകർക്ക് സമ്മാനിച്ചത്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios