മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ മാതൃവകുപ്പ് മാറ്റുന്നതിനുള്ള നടപടികൾ പരിഗണിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഫാമുകളിലെ പ്രശ്നങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥർ മാസം തോറും സന്ദർശനം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാനാണ് ഈ നീക്കം.

തിരുവനന്തപുരം: മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ മാതൃവകുപ്പ് കൃഷി വകുപ്പായി തുടരുന്നത് മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഫാം തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ മന്ത്രിയുടെ ചേംബറിൽ വിളിച്ച യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൃഷി വകുപ്പിൽ നിന്ന് ഈ രണ്ട് വകുപ്പുകളെയും വേർപെടുത്തിയെങ്കിലും ഭരണപരമായ പല കാര്യങ്ങളിലും മാറ്റം പൂർണമാകാത്തതിനാൽ സാങ്കേതിക തടസ്സങ്ങളും കാലതാമസവും നേരിടുന്നു. ഇത് പരിഹരിക്കാൻ പ്രതേക പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു. മാസത്തിൽ ഒരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫാമുകളിലെത്തി പ്രശ്നങ്ങൾ പഠിക്കണമെന്നും പരിഹാരങ്ങൾ കണ്ടെത്തണമെന്നും മന്ത്രി നിർദേശം നൽകി. മൂന്ന് മാസം കൂടുമ്പോൾ ട്രേഡ് യൂണിയൻ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേരണമെന്നും മന്ത്രി നിർദേശിച്ചു.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ഫാം തൊഴിലാളികളുടെ തൊഴിൽ, സേവന - വേതന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ തൊഴിലാളികളുടെ പ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.