തിരുവനന്തപുരം: ദില്ലിയിലെ കർഷക സമരത്തിന് പിന്തുണയുമായി സംസ്ഥാനത്ത് സംയുക്ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ അടുത്ത ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 23 ന് തിരുവനന്തപുരത്ത് സമരത്തിൽ പങ്കെടുക്കുമെന്നും സംയുക്ത കർഷക സമിതി അറിയിച്ചു. കർഷകസമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് തിരുവനന്തപുരം പാളയത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 9 ദിവസം പിന്നിട്ടു.

അതേസമയം, ദില്ലിയിലെ കർഷക സമരം 25 ആം ദിവസവും തുടരുകയാണ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചതോടെ സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്.