Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണിൽ ചരക്ക് നീക്കം നിലച്ചു; പച്ചക്കറികൾ അഴുകി നശിക്കുന്നു, കർഷകർ പ്രതിസന്ധിയിൽ

സർക്കാർ ഇടപെട്ട് ന്യായവില നൽകി പച്ചക്കറി സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇല്ലെങ്കിൽ നിരവധി പേർ കടക്കെണിയിലേക്ക് വീഴും.

farmers in crisis after lockdown
Author
Idukki, First Published Apr 3, 2020, 2:09 PM IST

ഇടുക്കി: ലോക്ക് ഡൗണിൽ ചരക്ക് നീക്കം നിലച്ചതോടെ മൂന്നാറിൽ ശീതകാല പച്ചക്കറി കൃഷി നടത്തുന്ന കർഷകർ പ്രതിസന്ധിയിൽ. വാങ്ങാൻ ആളില്ലാത്തതിനാൽ ടൺ കണക്കിന് കാരറ്റും സ്ട്രോബറിയുമൊക്കെയാണ് അഴുകി നശിക്കുന്നത്.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളടക്കമുള്ളവരുടെ ഇഷ്ടവിഭവങ്ങളായിരുന്നു തദ്ദേശീയമായി കൃഷി ചെയ്തെടുക്കുന്ന കാരറ്റും സ്ട്രോബറിയും. ഇത് വിൽക്കുന്നതിന് മാത്രമായി നിരവധി കടകളും മൂന്നാർ മേഖലയിലുണ്ട്. ലോക്ക് ഡൗണായതോടെ ഹൈറേഞ്ചിലേക്ക് ആരും വരാതായി. മറ്റ് എവിടെയെങ്കിലും എത്തിച്ച് വിൽക്കാമെന്ന് കരുതിയാൽ ചരക്ക് എടുക്കാൻ ആളില്ല.

മാർച്ച്, ഏപ്രിൽ മാസങ്ങളാണ് സ്ട്രോബറിയുടെ പ്രധാന വിളവെടുപ്പ് കാലം. വിനോദസഞ്ചാരികളെ പ്രതിക്ഷിച്ചാണ് മൂന്നാർ, വട്ടവട മേഖലയിലുള്ളവർ ഈ കൃഷിയിറക്കുന്നത്. അപ്രതീക്ഷിത സാഹചര്യം എല്ലാം തകിടം മറിച്ചു. കർഷകരുടെ ഈ അവസ്ഥ മുതലെടുത്ത് നിസ്സാര വിലയ്ക്ക് കാരറ്റും സ്ട്രോബറിയും വാങ്ങാൻ ഇടനിലക്കാരുടെ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് ഇവ ന്യായവില നൽകി സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇല്ലെങ്കിൽ നിരവധി പേർ കടക്കെണിയിലേക്ക് വീഴും.

Follow Us:
Download App:
  • android
  • ios