ദില്ലി: കൊടുംതണുപ്പിൽ ദില്ലിയിൽ കര്‍ഷകർ നടത്തുന്ന പ്രക്ഷോഭം ഇന്ന് മുപ്പത്തിയെട്ട് ദിവസത്തിൽ എത്തുകയാണ്. നാലാം തിയതിയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. കര്‍ഷക സംഘടനകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്‍റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക. 

നിയമങ്ങൾ പിൻവലിക്കുകയാണെങ്കിൽ ബദൽ മാര്‍ഗ്ഗമെന്ത് എന്ന് വിശദീകരിക്കാൻ  കര്‍ഷക സംഘടനകളോട് സര്‍ക്കാര്‍ ചോദിച്ചിരുന്നു. നിയമങ്ങൾ പിൻവലിച്ച ശേഷം അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയിൽ ഇന്നലെ ഒരു കര്‍ഷകൻ കൂടി മരിച്ചു.