നാളെ മുതൽ പാർലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തർമന്ദറിൽ ധർണ നടത്തും. ഇവിടെ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും കർഷകസംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ദില്ലി: ക‍ർഷകരുടെ പാർ‍ലമെന്റ് മാർച്ച് നാളെ നടക്കാനിരിക്കെ അതീവ ജാഗ്രതയിൽ രാജ്യതലസ്ഥാനം. ദില്ലി അതിർത്തികളിലും പാ‍ർലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ കൂട്ടി. റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷമുണ്ടായത് കണക്കിലെടുത്ത് അട്ടിമറി തടയാൻ കിസാൻ സംയുക്ത മോർച്ചയും മുൻകരുതലിലാണ്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് നിർ‍ദ്ദേശങ്ങൾ നൽകാൻ സിംഘുവിൽ രാത്രിയിൽ യോഗം വിളിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

അതിർത്തിയിൽ നിന്നും വീണ്ടും ദില്ലിക്ക് അകത്തേക്ക് പ്രതിഷേധവുമായി കർഷകർ എത്തും. നാളെ മുതൽ പാർലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തർമന്ദറിൽ ധർണ നടത്തും. ഇവിടെ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും കർഷകസംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ദില്ലി പൊലീസ്. 
സംഘർഷസാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പ്രകാരം സുരക്ഷകൂട്ടി. ദില്ലി പൊലീസിന്റെ കലാപവിരുദ്ധസേനയ്ക്ക് പ്രത്യേക പരിശീലനവും നൽക കഴിഞ്ഞു.

അതേസമയം റിപ്ലബ്ലിക്ക് ദിനത്തിലെ സംഘർഷസാഹചര്യം ഒഴിവാക്കാനാണ് കർഷകസംഘടനകളുടെ ശ്രമം. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.‌ ഇരുന്നൂറ് കർഷകർ, അഞ്ച് കർഷക സംഘടനാ നേതാക്കൾ എന്നിവരാകും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും. മൂൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. രാവിലെ 8 മണിക്ക് സിംഘുവിൽ നിന്ന് പൊലീസ് അകമ്പടിയോടെ ബസുകളിലാകും കർഷകർ ദില്ലിക്ക് എത്തുക. മാർച്ചിൽ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടികൾ