കോട്ടയം: മഴ കുറഞ്ഞതോടെ അപ്പര്‍ കുട്ടനാട്ടിലെ നെല്‍കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. മണ്ണില്‍ ഉപ്പിന്‍റെ അംശം കൂടിയതോടെ കൃഷി ഇറക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ. വിത്ത് വിതയ്ക്കാൻ വൈകിയാല്‍ പുഞ്ചക്കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലുമാണ് കർഷകർ.

കൃഷിക്കായി പാടം പാട്ടത്തിനെടുത്തത് കനത്ത നഷ്ടമായിരിക്കുകയാണെന്ന് കർഷകനായ സലിമോൻ പറയുന്നു. മഴ പ്രതീക്ഷിച്ച് ഒന്നരമാസം മുൻപാണ് കുമരകം തെക്കേ മൂലപ്പാടത്ത് കൃഷിക്കുള്ള വിത്ത് വിതച്ചത്. എന്നാൽ വിത്തുകൾ മുളയ്ക്കാതെ പാടത്തെ ഭൂരിഭാഗം സ്ഥലവും ഒഴിഞ്ഞ് കിടക്കുകയാണ്. പ്രളയമുണ്ടാക്കിയ നഷ്ടം തീര്‍ത്ത് വരുന്നതേയുള്ളൂവെന്നും സലിമോൻ പറഞ്ഞു.

കഴിഞ്ഞ പുഞ്ച കൃഷിക്ക് ശേഷം തണ്ണീര്‍മുക്കം ബണ്ട് തുറന്ന് കിടക്കുകയാണ്. കൂടുതല്‍ മഴ ലഭിച്ച് കിഴക്കൻ വെള്ളത്തില്‍ ശക്തമായ നീരൊഴുക്ക് ഉണ്ടായാലേ മണ്ണിലെ ഉപ്പും പുളിയും മാറുകയുള്ളൂ. കുമരകം കൃഷി ഭവന്‍റെ കീഴില്‍ 16 പാടശേഖരങ്ങളാണ് ഉള്ളത്. മൂന്നെണ്ണത്തിലൊഴിച്ച് മറ്റെങ്ങും വിത്ത് വിതപ്പ് നടന്നിട്ടില്ലെന്നും സലിമോൻ കൂട്ടിച്ചേർത്തു.

ഒന്നര മാസം മുമ്പാണ് വലിയ കൃഷിക്ക് അപ്പർ കുട്ടനാട്ടിലെ കർഷകർ ഒരുക്കങ്ങൾ നടത്തിയത്. വെള്ളമില്ലാത്തത് കാരണം ചില സ്ഥലങ്ങളില്‍ വളര്‍ന്ന നെല്‍ച്ചെടി ഉണങ്ങാൻ തുടങ്ങിയിരിക്കുകയാണ്. മുവാറ്റുപുഴയാറില്‍ നിന്നുള്ള വെള്ളം കനാല്‍ വഴി കുമരകത്തേക്ക് കൊണ്ട് വരാനുള്ള പദ്ധതി ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ ചെയ്യുന്ന വലിയ കൃഷിക്ക് ശേഷമാണ് സാധാരണ പുഞ്ചകൃഷി ഇറക്കാറ്. എന്നാൽ ഇതാണ് സ്ഥിതിയാണെങ്കില്‍ വലിയ കൃഷി ഇറക്കാനുള്ള സാധ്യത വിരളമാണെന്നും കർഷകർ പറയുന്നു.