ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് കട്ടിളപ്പാളി കേസിൽ. ദ്വാരപാലക ശിൽപ്പ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് കട്ടിളപ്പാളി കേസിൽ. ദ്വാരപാലക ശിൽപ്പ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഉടൻ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ.സി എസ് മോഹിതിന് മുൻപാകെ ഹാജരാക്കും. ആശുപത്രിയിലെത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരു കുറ്റവും ചെയ്തില്ലെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിലേക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്ഐടി കണ്ടെത്തൽ. ഒരിക്കൽ സന്നിധാനത്ത് നിന്ന് പുറത്താക്കപ്പെട്ട പോറ്റിക്ക് സ്പോൺസറായി മടങ്ങിയെത്താൻ വഴിയൊരുക്കിയത് തന്ത്രിയെന്നും എസ്ഐടി കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബംഗളൂരു ബന്ധവും ഫോൺ വിളി രേഖകളും നിർണായകമായി. സ്വർണപ്പാളി പുറത്തേക്ക് കൊണ്ട് പോകാൻ അനുമതി കൊടുത്തില്ലെന്ന തന്ത്രിയുടെ വാദം തെറ്റെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. സന്നിധാനത്തെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വാധീനത്തിന് പിന്നിൽ തന്ത്രിയാണെന്ന ജീവനക്കാരുടെ മൊഴിയും രാജീവരർക്ക് തിരിച്ചടിയായി. നേരത്തേ ദൈവ തുല്യരായ ചിലർ ഇതിനെല്ലാം പിന്നിലുണ്ടെന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പദ്മകുമാറിന്‍റെ മൊഴിയും തന്ത്രിക്ക് വിനയായി.