കണ്ണൂർ: കനത്ത മഴയെത്തുടർണ്ടായ വെളളപ്പൊക്കത്തിൽ കണ്ണൂരിലും കോഴിക്കോട്ടും വ്യാപക കൃഷിനാശം. വെളളപ്പൊക്കത്തിൽ കണ്ണൂരിലെ 300 ഹെക്ടര്‍ പാടശേഖരത്തെ നെല്‍കൃഷിയാണ് പൂര്‍ണമായും നശിച്ചത്. ഇതോടെ കടംവാങ്ങി കൃഷിയിറക്കിയ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

കഴിഞ്ഞ തവണ നൂറ് മേനി വിളവ് കൊയ്ത കണ്ണൂർ കയരളത്തെ പാടശേഖരത്തിലെ നെൽകൃഷിയാണ് നശിച്ചത്. അഞ്ച് ദിവസം തുടർച്ചയായുണ്ടായ വെള്ളക്കെട്ടിലാണ് കൃഷി നശിച്ചത്. ജില്ലയിൽ ഒന്നാം വിള നെൽകൃഷിയിറക്കിയതിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായതും കയരളം വില്ലേജിലാണ്.

ലഭ്യമായ കണക്കനുസരിച്ച് ജില്ലയിൽ 300 ഹെകട്റിലെ നെൽകൃഷി പൂർണമായും 1050 ഹെക്ടറിലെ കൃഷി ഭാഗികമായും നശിച്ചിട്ടുണ്ട്. 50 ശതമാനം കർഷകർ മാത്രമാണ് വിള ഇൻഷുറസ് ചെയ്തത്. കണ്ണൂരിലെ പ്രധാന നെല്ലറകളായ ഏഴോം പട്ടുവം പ്രദേശങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. വെള്ളക്കെട്ട് ഇപ്പോഴും ഒഴിയാത്ത പാടശേഖരങ്ങളുമുണ്ട്. നഷ്ടങ്ങളുടെ കണക്ക് ഇനിയും കൂടാനാണ് സാധ്യതയെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.

കോഴിക്കോട്ടും സാമാനമായ സ്ഥിതി വിശേഷണമാണുള്ളത്. വാഴക്കർഷകരുടെ ഗ്രാമമായ കോഴിക്കോട്ടെ വെള്ളന്നൂരിൽ മഴയിലും വെള്ളപ്പൊക്കത്തിലും വന്‍തോതിൽ വാഴകൃഷി നശിച്ചു. സമീപത്തെ ചെറുപുഴ കരകവിഞ്ഞത് മൂലം 30 ഹെക്ടറിലധികം വാഴകൃഷിയാണ് നശിച്ചത്. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂരുകാരുടെ പ്രധാന ഉപജീവനമാർഗ്ഗമാണ് വാഴകൃഷി.

കഴിഞ്ഞ പ്രളയത്തിലുണ്ടായ നഷ്ടം ഇവരാരും വീണ്ടെടുത്തിട്ടില്ല. കടങ്ങൾ ഇപ്പോഴും ബാക്കി. ഇതിനിടയിലേക്ക് കനത്ത മഴയിൽ ചെറുപുഴ ഒരിക്കൽ കൂടി കലിതുള്ളി എത്തിയപ്പോൾ ഉണ്ടായത് ഇരട്ടി നഷ്ടം. നാല് ദിവസം വെള്ളം കെട്ടി നിന്നപ്പോൾ ചീഞ്ഞ് പോയത് ഇരുപതിനായിരത്തിലധികം വാഴകളാണ്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമെല്ലാം വായ്പ എടുത്ത് കൃഷി ഇറക്കിയ കർഷകർ ഇതോടെ പ്രതിസന്ധിയിലയിരിക്കുകയാണ്.

നഷ്ടപരിഹാരം ഒരു പരിധി വരെ ആശ്വാസമാകുമെങ്കിലും ഇതു കിട്ടാനുള്ള കാല താമസമാണ് പ്രശ്നം. കർഷകരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന സ്വാശ്രയ കർഷക സമിതിയുടെ വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ കർഷകർക്ക് വിതരണം ചെയ്യാൻ വെച്ച 2000ത്തിലധികം വാഴക്കന്നുകളും ചീഞ്ഞു പോയി. കുമ്മായവും അണുനാശിനിപ്പൊടിയും വെള്ളത്തിനടിയിലായിരിക്കുകയാണ്.