കാസ‍ർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ 2 ദിവസത്തെ പൊലീസ്  കസ്റ്റഡിയിൽ വിട്ട എം സി കമറുദ്ദീൻ എം എൽ എ യെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. 

നിക്ഷേപകരുടെ പണം ഏതെല്ലാം രീതിയിൽ ഉപയോഗിച്ചു, ബംഗളൂരുവിലെ ഭൂമിയടക്കം സ്വകാര്യ സ്വത്ത് സമ്പാദനത്തിൻ്റെ വിശദാംശങ്ങൾ, ബിനാമി ഇടപാടുകൾ ഉണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുക. 

കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യൽ. കൂടുതൽ കേസുകളിൽ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ജില്ല വിട്ടതായാണ് വിവരം. 

ഇയാളുടെ വീട്ടിലും പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷണ സംഘം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോടതിയിൽ കീഴടങ്ങാനാണ് പൂക്കോയ തങ്ങളുടെ നീക്കമെന്നാണ്  സൂചന.