കണ്ണൂർ: മകളുടെ അസുഖ വിവരമറിഞ്ഞ്  ഭാര്യ വീട്ടിലേക്ക് യാത്ര തിരിച്ച പിതാവ് വാഹനാപകടത്തിൽ മരിച്ചു. രോഗം മൂർച്ഛിച്ച മകളെയും രക്ഷിക്കാനായില്ല. മാട്ടൂൽ സൗത്ത് മുക്കോലകത്ത് മുഹമ്മദ് ബിലാൽ (32), മകൾ ഷെസ ഫാത്തിമ (നാലു മാസം) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മാസം തികയാതെ ജനിച്ച ഷെസ, ഹൃദയസംബന്ധമായ അസുഖം മൂലം മൂന്നുമാസത്തിലേറെ ആശുപത്രിയിലായിരുന്നു. 

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഷൈസയെ  ആശുപത്രിയില്‍ നിന്നും മാതാവായ ഷംഷീറയുടെ മാട്ടൂർ ബീച്ച് റോഡിലെ വീട്ടിലെത്തിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാവിലെയോടെ കുഞ്ഞിന്‍റെ ആരോഗ്യനില വഷളായി. വിവരമറിഞ്ഞ് ഭാര്യവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മുഹമ്മദ് ബിലാലിന്‍റെ ദാരുണ മരണം. ബിരിയാണി റോഡിൽ വച്ച് പെട്ടെന്ന് റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തെ കൈത്തോട്ടിലേക്ക് മറിയുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച കുഞ്ഞും നേരത്തെ തന്നെ മരിച്ചിരുന്നു. ദുബായിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന ബിലാൽ മൂന്നുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.