ഇടുക്കി: വാഗമണ്ണിൽ സ്വകാര്യ എസ്റ്റേറ്റുകാരൻ വ്യാജപട്ടയങ്ങളുണ്ടാക്കി തട്ടിയെടുത്തത് 55 ഏക്കർ സർക്കാർ ഭൂമി. തട്ടിപ്പിൽ റവന്യൂ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എറണാകുളം സ്വദേശിയും റാണിമുടി എസ്റ്റേറ്റ് ഉടമയുമായ ജോളി സ്റ്റീഫനും അച്ഛൻ കെ ജെ സ്റ്റീഫനുമാണ് വാഗമണ്ണിലെ വമ്പൻ ഭൂമി തട്ടിപ്പിന് പിന്നിൽ.

1989ൽ വാഗമണ്ണിൽ 54 ഏക്കർ തേയിലത്തോട്ടം വാങ്ങിയതിനൊപ്പം ഇതിനോട് ചേർന്ന് കിടക്കുന്ന 55 ഏക്കറിലധികം വരുന്ന സർക്കാർ ഭൂമി ഇവർ കയ്യേറുകയായിരുന്നു. ഈ ഭൂമിക്ക് പീരുമേട് താലൂക്കിലെ അന്നത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ 15 വ്യാജ പട്ടയങ്ങളുമുണ്ടാക്കി. എന്നാൽ പട്ടയത്തിൽ പറയുന്ന ഭൂഉടമകളിൽ ഒരാൾ പോലും യഥാർത്ഥത്തിൽ ഉള്ളതല്ല. വെറും സാങ്കൽപ്പിക പേരുകൾ മാത്രം.

ഈ 55 ഏക്കറിന്‍റെ പവർ ഓഫ് അറ്റോർണി ഇവരുടെ ബന്ധുവായ ബിജു ജോർജിനെന്ന രേഖയും പൂഞ്ഞാർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും തട്ടിപ്പുകാർ തരപ്പെടുത്തി. തോട്ടം ഭൂമി തരംമാറ്റരുതെന്ന നിയമം ലംഘിച്ചാണ് റിസോർട്ടുകളെല്ലാം ഇവിടെ പൊന്തിയത്. വേറൊരു സ്ഥലത്തർക്കം സംബന്ധിച്ച് ജോളിയുടെ മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വമ്പൻ തട്ടിപ്പ് പുറത്ത് വന്നത്.