കോഴിക്കോട്: മുക്കത്തെ നീലേശ്വരം സര്‍ക്കാര്‍ സ്കൂളില്‍ നടന്ന പ്ലസ് ടു പരീക്ഷാ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതിയായ നിഷാദ് വി മുഹമ്മദിന്‍റെ പിതാവാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. പരപ്രേരണയാലാണ് ആള്‍മാറാട്ടം നടത്തി മകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിയതെന്നും സംഭവത്തിന് പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. സംഭവം പുറത്തറിഞ്ഞ ശേഷം ഒളിവില്‍ പോയ അധ്യാപകന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കുന്നതിനിടെയാണ് മുഖ്യപ്രതിയുടെ പിതാവിന്‍റെ ശബ്ദരേഖ പുറത്തു വരുന്നത്. 

മുഹമ്മദ് (നിഷാദിന്‍റെ അച്ഛന്‍): കുട്ടികള്‍ രക്ഷപ്പെട്ടോട്ടെയെന്ന് കരുതി ചെയ്തതാണ്. വേറൊരു താല്‍പര്യവുമില്ല.ഏതായാലും ചെയ്തു
റിപ്പോര്‍ട്ടര്‍: ഇവരുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നോ..?
മുഹമ്മദ് : അതൊക്ക ഉണ്ടാവുമല്ലോ. അതിന് പിന്നില്‍ ഇപ്പോ ഓന്‍ മാത്രമല്ലല്ലോ ഉള്ളത്. വലിയ ഗാങ്ങുണ്ട്.

സംഭവത്തില്‍ കൂടുതല് പേര്‍ക്ക് പങ്കുണ്ടെന്നാണ് വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടറുടെയും  റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൊതു പരീക്ഷകളില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ഇക്കുറിയും അത് നിലനിര്‍ത്തുന്നതിനുള്ള ശ്രമമാണ്  പുറത്തായത്. അതുകൊണ്ടു തന്നെ മുന്‍കാലങ്ങളിലും കൃത്രിമത്വം നടന്നിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 

നൂറ് മേനി വിജയം സംഘടിപ്പിക്കുവാനുള്ള നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ കുറുക്കുവഴിയായിരുന്നു പരീക്ഷ അട്ടിമറിയെന്ന് വിദ്യാഭ്യാസവകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രണ്ട്  ഉത്തരക്കടലാസുകള്‍ പൂര്‍ണ്ണമായി മാറ്റിയെഴുതിയതിനും  32 ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതിനും സ്കൂളിലെ കൊമേഴ്സ് അധ്യാപകന്‍ നിഷാദ് വി മുഹമ്മദടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ അധ്യാപകര്‍ക്ക് വേണ്ടി തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ മുഖ്യ പ്രതി നിഷാദ് വി മുഹമ്മദിന്‍റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ  കോഴിക്കോട് ജില്ല കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും പ്രിന്‍സിപ്പലടക്കമുള്ളവരാണ് ഉത്തരവാദികളെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അധ്യാപകന്‍ പറയുന്നത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായിഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.