നിര്‍ത്താതെ കരഞ്ഞതിനെതുടര്‍ന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ സിപിആര്‍ നൽകി പിതാവ് രക്ഷിച്ചു. കോഴിക്കോട് വടകരയില്‍ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

കോഴിക്കോട്: വടകരയിൽ അബോധാവസ്ഥയിലായ മൂന്ന് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന് സിപിആർ നൽകി പിതാവ് ജീവന്‍ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വടകര അഗ്നിരക്ഷ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം കൂടിയായ മണിയൂര്‍ സ്വദേശി ലിഗിത്താണ് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നിർത്താതെ കരഞ്ഞതിനെ തുടർന്ന് കുഞ്ഞ് അബോധാവസ്ഥയിലാവുകായിരുന്നു. ഇതോടെ വീട്ടുകാര്‍ ആകെ പരിഭ്രാന്തിയിലായി. വീട്ടിലുള്ളവരെല്ലാം കരഞ്ഞു ബഹളം വെച്ചു. ബഹളം കേട്ട് സമീപത്തെ വീട്ടുകാരും ഓടിയെത്തി. 

ഇതിനിടയിലും മനസാന്നിധ്യം കൈവിടാതെ ലിഗിത്ത് കുഞ്ഞിന് സിപിആര്‍ നല്‍കുകയായിരുന്നു. കുഞ്ഞിനെ വീടിന്‍റെ വരാന്തയിൽ കൊണ്ടുവന്ന് വായിലൂടെ കൃത്രിമ ശ്വാസം നൽകുന്നതും അയൽക്കാരടക്കം വീട്ടിലേക്ക് ഓടിയെത്തുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൃത്യസമയത്ത് ലിഗിത്ത് കുഞ്ഞിന് സിപിആര്‍ നൽകിയതാണ് നിര്‍ണായകമായത്. കുഞ്ഞിന് മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കുടുംബം അറിയിച്ചു. സിവിൽ ഡിഫെൻസ് അംഗമായത് കൊണ്ടാണ് ഇത്തരത്തിൽ ചെയ്യാൻ സാധിച്ചതെന്നും സ്വന്തം കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് താനും ഭാര്യ സരിമയുമെന്നും ലിഗിത്ത് പറഞ്ഞു.

കുഞ്ഞിന് പിതാവ് സിപിആര്‍ നൽകി രക്ഷിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍:

YouTube video player