കുട്ടിക്ക് അസ്വസ്ഥത ഉണ്ടായ ഉടൻ അടുത്തുള്ള ശാന്തിവിള താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. എന്നാൽ അവിടെ കൃത്യമായ ചികിത്സ ഉണ്ടായില്ലെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം: തൊണ്ടയിൽ മിക്സച്ചർ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ അച്ഛൻ. കൃത്യമായി പ്രാഥമിക ശുശ്രൂഷ നൽകാതെയാണ് കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് വിട്ടതെന്ന് അച്ഛൻ രാജേഷ് . ആശുപത്രിയിൽ 108 ആംബുലൻസ് ഉണ്ടായിട്ടും പുറത്ത് നിന്ന് വിളിക്കാൻ പറഞ്ഞുവെന്നും രാജേഷ് ആരോപിച്ചു. 

കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്നാം ക്ലാസുകാരി നിവേദിത തൊണ്ടയിൽ മിക്സചർ കുടുങ്ങി മരിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായ ഉടൻ അടുത്തുള്ള ശാന്തിവിള താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. എന്നാൽ അവിടെ കൃത്യമായ ചികിത്സ ഉണ്ടായില്ലെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രാഥമികശുശ്രൂഷ കൃത്യമായി നൽകിയില്ല. ആശുപത്രിയിൽ 108 ആംബുലൻസ് ഉണ്ടായിട്ടും അത് വിട്ട് തരാതെ മറ്റൊര് ആംബുലൻസ് വിളിക്കാൻ പറയുകയായിരുന്നു. 

എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധിക‍ൃതർ വിശദീകരിച്ചു. ഉച്ചക്ക് ഒന്നരക്ക് കുട്ടിയെ എത്തിച്ച ഉടൻ ശ്വാസതടസം പരിഹരിക്കാനുള്ള ശുശ്രൂഷകൾ നൽകിയ ശേഷമാണ് എസ്എടി ആശുപത്രിയിലേക്ക് അയച്ചത്. ആശുപത്രിക്ക് സ്വന്തമായി ആംബുലൻസ് ഇല്ല. 108 ആംബലൻസ് ആശുപത്രിയിൽ പാർക്ക് ചെയ്യുന്നത് മാത്രമാണ്. നഴ്സുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചതെന്നും സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ നേമം പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona