തിരുവനന്തപുരം: ഫാത്തിമയുടെ മരണത്തിന് കാരണക്കാരായ കുറ്റവാളികളെ അടുത്ത വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് ഫാത്തിമയുടെ അച്ഛൻ ലത്തീഫ്. അല്ലെങ്കിൽ ഫാത്തിമ അനുഭവിച്ച കാര്യങ്ങൾ വിളിച്ചുപറയുമെന്നും ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികൾ ഇപ്പോഴും ക്യാമ്പസിൽ തന്നെയുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്നുണ്ടായത് വേദനാജനകമായ കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫാത്തിമ ലത്തീഫിനെ മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ചെന്നൈയിലായിരുന്ന അബ്ദുൽ ലത്തീഫ് കേരളത്തിലേക്ക് മടങ്ങി.
അതേസമയം, ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് കൊല്ലത്തെത്തി അമ്മ, സഹോദരി എന്നിവരിൽ നിന്ന് മൊഴിയെടുക്കും. ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തും. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. 

കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് ചെന്നൈയിലെത്തുന്ന ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ഐഐടിയിലേക്ക് പോകും. ഫാത്തിമയുടെ മരണത്തിന് പിന്നാലെ എംഎ ഇന്‍റഗ്രേറ്റഡ് ബാച്ചിന് അവധി നല്‍കിയിരിക്കുകയാണ്. സെമസ്റ്റര്‍ പരീക്ഷകള്‍ നീട്ടി വച്ചു. സഹപാഠികളില്‍ പലരും വീട്ടിലേക്ക് മടങ്ങി. എങ്കിലും ചെന്നൈയിലുള്ള വിദ്യാര്‍ഥികളില്‍ നിന്ന് ആർ സുബ്രഹ്മണ്യം വിവരം തേടും. 

ആരോപണവിധേയരായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മൊഴി രേഖപ്പെടുത്തും. സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വന്നാലുടന്‍ നടപടിയെക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.