Asianet News MalayalamAsianet News Malayalam

സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠത്തില്‍ നിന്നിറങ്ങണമെന്ന് സഭ; കുടുംബത്തിന് കത്തയച്ചു

മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ.

fcc insist sister lucy kalappura to leave the math today itself
Author
Wayanad, First Published Aug 17, 2019, 9:40 AM IST

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് കര്‍ശന നിലപാടെടുത്ത് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി).  മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്‍റെ  പേരിലാണ് ലൂസി കളപ്പുരയെ  സഭയിൽ നിന്ന് പുറത്താക്കിയത്.  മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.  കാരണം കാണിക്കൽ നോട്ടീസിന്  ലൂസി കളപ്പുര നല്‍കിയ  വിശദീകരണം  തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും  പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു. 

കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‍ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios