എഫ്‍സിആര്‍എ നിയമ ഭേദഗതി വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ. പുതിയ ഭേദഗതിയിലുള്ളത് ഗുണപരമായ നിര്‍ദേശങ്ങളാണെന്നും കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും ജോര്‍ജ് കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോട്ടയം: എഫ്‍സിആര്‍എ നിയമ ഭേദഗതി വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ. പുതിയ ഭേദഗതിയിലുള്ളത് ഗുണപരമായ നിര്‍ദേശങ്ങളാണെന്നും കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും ജോര്‍ജ് കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപ്പീലിന് പോകാനുള്ല അവസരം ഉണ്ടെന്നും ഇതിലൂടെ എഫ്‍സിആര്‍എ അവകാശമായി മാറുകയാണെന്നും എതിര്‍ക്കുന്നവര്‍ അക്കാര്യം ആലോചിക്കണമെന്നും ഇനി ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു. പ്രവർത്തനം ഇല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുമെന്ന് നിലവിലെ നിയമത്തിൽ തന്നെയുണ്ട്. ആരാധനാലയങ്ങൾ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ്. ഇതൊരു നയം മാറ്റമാണ്. അത് പോസിറ്റീവ് സമീപനമാണ്.
നിലവിൽ എഫ്‍സിആര്‍എ തടയപ്പെട്ടവര്‍ക്ക് കോടതിയിൽ പോകാനാകും. മെത്രാൻമാർക്കെതിരെ കേരളത്തിൽ കേസുണ്ടെങ്കിൽ എഫ്‍സിആര്‍എ തടയപ്പെടും. ശബരിമല കേസിൽ ആർഎസ്എസ് സംഘചാലക് പെട്ടപ്പോൾ അവരുടെ ഫണ്ടും തടഞ്ഞിട്ടുണ്ട്. കേരളത്തിൽ ഉയരുന്ന ആശങ്ക ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർലമെന്‍റിൽ ചർച്ചയും വരും. പക്ഷേ തടയപ്പെട്ടാൽ അത് വലിയ നഷ്‌ടമാകും. കിട്ടിയില്ല, കിട്ടിയില്ല എന്ന് വീണ്ടും കരഞ്ഞ് നടക്കേണ്ടി വരും. നല്ല രീതിയിൽ അവതരിപ്പിച്ചതാണ്. ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെങ്കിൽ ഇപ്പോൾ നിയമഭേദഗതി കൊണ്ടുവരുമോയെന്നും ജോർജ് കുര്യൻ ചോദിച്ചു.
വിമര്‍ശനവുമായി ജോസ് കെ മാണി
അതേസമയം, ജോര്‍ജ് കുര്യനെ തള്ളി ജോസ് കെ മാണി രംഗത്തെത്തി.എഫ്സിആർഎയിൽ കോടതിയിൽ പോകാമെന്ന വ്യവസ്ഥ കണ്ണിൽപൊടിയിടൽ മാത്രമെന്ന് ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സഭകളുടെ തടഞ്ഞുവച്ച ഫണ്ട് വിട്ട് നൽകാത്തതിൽ മറുപടിയില്ല. ക്രിസ്ത്യൻ വെൽഫയർ ബോർഡ് എന്ന പേരിൽ അടുത്ത കെണിവരുന്നുണ്ട്.വികാരിമാർക്ക് ഓണറേറിയം പോലും വാഗ്ദാനം ചെയ്യുന്ന വ്യവസ്ഥകൾ പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാകാമെന്നും ജോസ് കെ മാണി പറഞ്ഞു.
ആശങ്ക അറിയിച്ച് ആര്‍ച്ച് ബിഷപ്പ്
എഫ്സിആർഎ നിയമ ഭേദഗതി വിവാദത്തിൽ ആശങ്കയറിയിച്ച് ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര രംഗത്തെത്തി. ഭരണഘടനാ പരമായ അവകാശങ്ങൾ വിലക്കുന്നതിൽ കടുത്ത ആശങ്കയെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തികൾക്കും സമൂഹങ്ങൾക്കും ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതായിരിക്കണം നിയമം. നിയമം ആയാൽ ഇന്ത്യയിൽ മൊത്തം വിദേശ സംഭാവനകൾക്ക് നിയന്ത്രണം വരും. കത്തോലിക്കാ സഭയുടെ ഒരു ഫണ്ടും ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ല .കേന്ദ്രമന്ത്രിയുടേത് ന്യായീകരിക്കാനുള്ള പാഴ് ശ്രമമാണ്. മുൻകാല പ്രാബല്യം നിയമത്തിൽ വരുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല.സഭ പുതിയ പ്രോപോസൽ അധികൃതർക്ക് മുന്നിൽ വയ്ക്കണം. ഇത് രാഷ്ട്രീയ വിഷയമല്ല, വളരെ നാളായി കേന്ദ്രസർക്കാർ പരിഗണിച്ചു വരുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു.
വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
എഫ്‍സിആര്‍എ വിവാദം തുടരുന്നതിനിടെ ബിജെപി നയങ്ങൾക്കെതിരെവിമർശനവുമായി ദീപിക മുഖപ്രസംഗം. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളിൽ ഒന്നാണ് എഫ്‍സിആര്‍എ ഭേദഗതി ബില്ലെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. ന്യൂനപക്ഷ വേട്ടയ്ക്കുള്ള മറ്റൊരു മാരകായുധമാണെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കല്ലേ പേടിക്കേണ്ടതുള്ളുവെന്ന് ബിജെപി വാദിക്കുമ്പോൾ ആഭ്യന്തരസഹമന്ത്രി കാര്യം തെളിച്ചു പറഞ്ഞു എന്നും വിമര്‍ശിക്കുന്നു. നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുപോലും ഇത്തരം അജണ്ടകൾ നടപ്പിലാക്കുന്നു. ഇത് സൂചന അല്ല കൃത്യമായ സന്ദേശമാണെന്നും മുഖപ്രസംഗത്തിലുണ്ട്.ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യം ഇല്ലാത്തത് ഖേദകരമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.



