Asianet News MalayalamAsianet News Malayalam

ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ, തനിക്കെതിരെയുള്ള ആരോപണം പച്ചക്കളളം: വെള്ളാപ്പള്ളി നടേശൻ

കത്തിൽ ഒരു കൂട്ടം പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇന്നലെ ഫെനി ബാലകൃഷ്ണൻ പറഞ്ഞത്. 

Feni Balakrishnan is fraud says vellappally natesan sts
Author
First Published Sep 14, 2023, 11:36 AM IST

തിരുവനന്തപുരം: ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ ആണെന്ന് വെള്ളാപ്പള്ളി നടേശൻ. സോളാർ പരാതിക്കാരിയുടെ കത്തിൽ പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാർ കേസ് അടഞ്ഞ അധ്യായമാണ്. ​ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സോളാർ കേസിൽ താൻ ഇടപെട്ടിട്ടേയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കത്തിൽ ഒരു കൂട്ടം പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇന്നലെ ഫെനി ബാലകൃഷ്ണൻ പറഞ്ഞത്. 

എന്നാൽ, സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്നായിരുന്നു അഡ്വ. ഫെനി ബാലകൃഷ്ണൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയതെന്നും ഫെനി കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരി പത്തനംതിട്ട ജയിലിൽ നിന്നും കോടതിയിൽ നൽകാൻ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റ് ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്ത കത്ത് തനിക്ക് കാണിച്ച് തന്നത്. ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. എനിക്ക് ഗണേഷ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിൻ്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

പല രാഷ്ട്രീയക്കാരും തന്നെ സമീപിച്ചിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി.  ഇ പി ജയരാജന്‍റെ കാറിൽ തന്നെ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നൽകണമെന്നും ഫെനിക്ക് വേണ്ടതെന്താണെന്ന് വച്ചാൽ ചെയ്യാമെന്നും പറഞ്ഞിരുന്നു. ഈ വിഷയം എങ്ങനെയും കത്തിച്ച് നിർത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്‍റെ ആവശ്യമെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി. 

വെള്ളാപ്പള്ളി നടേശന്‍

 

Follow Us:
Download App:
  • android
  • ios