രാതി പച്ചക്കള്ളമാണെന്നും പിന്നിൽ ഗൂഢാലോചനയെന്നും ഫെന്നി വ്യക്തമാക്കി. പരാതി പറഞ്ഞ വ്യക്തിയെ അറിയില്ല.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതിയിൽ പ്രതികരണവുമായി സുഹൃത്ത് ഫെന്നി നൈനാൻ. പരാതി പച്ചക്കള്ളമാണെന്നും പിന്നിൽ ഗൂഢാലോചനയെന്നും ഫെന്നി വ്യക്തമാക്കി. പരാതി പറഞ്ഞ വ്യക്തിയെ അറിയില്ല. ഇങ്ങനെ ഒരാളെ ജീവിതത്തിൽ കണ്ടിട്ടുമില്ല അറിയുകയുമില്ല. ഡിജിപിക്ക് പരാതി നൽകി കഴിഞ്ഞു. ഉടൻ നിയമ നടപടിയും സ്വീകരിക്കും. പ്രചരണം നിർത്തി എന്നത് വ്യാജ പ്രചരണമാണ്. ഇപ്പോഴും എപ്പോഴും വീടുകയറി വോട്ട് തേടുകയാണെന്നും ഫെന്നി മാധ്യമങ്ങളോട് വ്യക്തമാക്കി. അടൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഫെന്നി നൈനാൻ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നാണ് മറ്റൊരു യുവതി കൂടി ബലാത്സംഗ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചെന്നും കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും ഫെന്നിയാണെന്നും യുവതിയുടെ പരാതിയിലുണ്ട്. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. രാഹുൽ ലൈംഗിക വേട്ടക്കാരനെന്നും യുവതി പരാതിയിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ചാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ പുതിയ പരാതി എത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. രണ്ടാമതൊരു പരാതി കൂടി വന്നതോടെ കോൺഗ്രസ് കൂടുതൽ വെട്ടിലായി. കൂടുതൽ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നു. രാഹുലിനെതിരെ ഗുരുതര പരാതിയാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഉച്ചയോടെ എത്തിയത്. കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരി ഇ മെയിലിൽ പരാതി നൽകിയത് സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനുമാണ്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, സൗഹൃദം സ്ഥാപിച്ചു, വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് . രാഹുലിന് സ്ഥിരം ജോലി ഇല്ലാത്തത് കാരണം വിവാഹ വാഗ്ദാനത്തോട് കുടുംബത്തിന് ആദ്യം താല്പര്യം ഉണ്ടായിരുന്നില്ല. രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായതോടെ കുടുംബം സമ്മതിച്ചു. വീട്ടിലെത്തി വിവാഹക്കാര്യം കുടുംബവുമായി സംസാരിക്കാമെന്ന് രാഹുൽ ഉറപ്പ് നൽകി. ഇതിന് മുമ്പ് തനിച്ച് കാണണമെന്ന് പറഞ്ഞ് രാഹുൽ വിളിച്ചുവരുത്തി.
രാഹുലിന്‍റെ സുഹൃത്ത് ഫെനി നൈനാൻ നഗരത്തിൽ നിന്ന് ദൂരെയുളള സ്ഥലത്തേക്ക് കൊണ്ടുപോയി. അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതി, വിവാഹം കഴിച്ചാൽ അത് രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന്ന് പറഞ്ഞ് പിന്മാറി. ഒരു പരാതിയും രാഹുലിനെതിരെ കിട്ടിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞത് ശരിയല്ലെന്ന് കാണിച്ചാണ് ഇ മെയിൽ. ക്രൈം ബ്രാഞ്ചും തന്നിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് യുവതി പറയുന്നു. മേൽവിലാസമില്ലാത്ത പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. ഇക്കാര്യം യുവതിക്ക് ഇ മെയിലിലൂടെ അറിയിച്ചു. പുതിയ പരാതി ലഭിച്ചതോടെ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കുന്നു എതിരാളികൾ.
ആദ്യ പരാതി വരുന്നതിന് മുമ്പ് രാഹുലിനെതിരെ എടുത്ത നടപടിയായിരുന്നു ഇതുവരെ കോൺഗ്രസിൻറെ പ്രതിരോധം. പാർട്ടിക്ക് ലഭിച്ച പുതിയ പരാതി പൊലീസിന് കൈമാറിയതും സിപിഎമ്മിനെ നേരിടാൻ കോൺഗ്രസ് ആയുധമാക്കുന്നു. പക്ഷെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎക്കെതിരായ കൂടുതൽ കൂടുതൽ പരാതി വരുന്നത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുന്നു. കേസുകളുടെ പുരോഗതി നോക്കിയാകും പാർട്ടിയുടെ അടുത്ത നടപടി.

