കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പെന്നാർ ഇൻഡസ്ട്രീസ് എംഡി ആദിത്യനാരായണ റാവു ഇന്ന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ആദിത്യ നാരായണ റാവു ഇഡിയെ അറിയിച്ചു. തനിക്ക് പനിയാണെന്നും കൊവിഡ് പരിശോധനാഫലം കാത്തിരിക്കുകയാണെന്നുമാണ് ആദിത്യ നാരായണ റാവുവിന്റെ വിശദീകരണം. ഇന്ന് ഹാജരാകേണ്ടിയിരുന്ന സി എം രവീന്ദ്രനും കൊവിഡ് ആണ്. 

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനെയും, ലൈഫ് മിഷൻ കരാർ ലഭിച്ച ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് എം ഡി ആദിത്യ നാരായണ റാവുവിനെയും ശിവശങ്കറിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനായിരുന്നു ഇഡി പദ്ധതിയിട്ടിരുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ ആറുദിവസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. 

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾ സ്മാർട്ട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ അടക്കമുളള സർക്കാർ പദ്ധതികളിൽ ഇടപെട്ടെന്നും കമ്മീഷൻ കൈപ്പറ്റിയെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. ഇക്കാര്യങ്ങളിലടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലാണ് ഇ ഡി പരിശോധിക്കുന്നത്. കസ്റ്റഡിയിലുളള മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു സി എം രവീന്ദ്രനെ വിളിപ്പിക്കാൻ തീരുമാനിച്ചത്.

Read more at:  ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി; കെ ഫോൺ പദ്ധതിയിലടക്കം സ്വപ്ന സജീവമായി ഇടപെട്ടെന്ന് ഇഡി