Asianet News MalayalamAsianet News Malayalam

ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി; കെ ഫോൺ പദ്ധതിയിലടക്കം സ്വപ്ന സജീവമായി ഇടപെട്ടെന്ന് ഇഡി

ലൈഫ് മിഷനിലെ രഹസ്യ വിവരങ്ങൾ ശിവശങ്കർ വാട്സാപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡ‍ി പറയുന്നത്. ചോദ്യം ചെയ്യല്ലിന്റെ ആദ്യ ദിവസങ്ങളിൽ ശിവശങ്കർ സഹകരിച്ചില്ലെന്നും എൻഫോഴ്സ്മെൻ്റ് കോടതിയെ അറിയിച്ചു. 

m sivasankar sent in enforcement custody for six more days as per investigators request
Author
Kochi, First Published Nov 5, 2020, 11:51 AM IST


കൊച്ചി: കെ ഫോൺ, സ്മാർട് സിറ്റി അടക്കം സംസ്ഥാന സർക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണ്ണക്കളളക്കടത്ത് കേസ് പ്രതികൾക്ക് കൈമാറിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്. പുതിയ വിവരങ്ങളുടെ അ‍ടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അഡീഷണഷൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ അടക്കമുളളവരുടെ നാളെ ചോദ്യം ചെയ്യും. എം ശിവശങ്കറെ ആറുദിവസത്തേക്കുകൂടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു.

ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം എം ശിവശങ്കറെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് എൻഫോഴ്സ്മെന്‍റ് അന്വേഷണ പുരോഗതി അറിയിച്ചത്. സർക്കാരിന്‍റെ രഹസ്യ വിവരങ്ങളാണ് എം ശിവശങ്കർ സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കൈമാറിയത്. 

സ്മാർട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിൽ ശിവശങ്കറിന്‍റെ അറിവോടെ സ്വപ്ന പല ഘട്ടങ്ങളിലും ഇടപെട്ടിട്ടുണ്ട്. ഇത് തെളിയിക്കുന്ന വാട്സ് ആപ് ചാറ്റുകൾ കിട്ടിയിട്ടുണ്ട്. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക്കിന് വിവരങ്ങൾ കൈമാറുന്നതിനായിരുന്നു ഇതിൽ പലതും. ശിവശങ്കറിന്‍റെ ദുരൂഹമായ ഇടപാടുകളാണ് ഇതുവഴി തെളിയുന്നതെന്നും ഇ ഡി യുടെ റിപ്പോർട്ടിലുണ്ട്. 

അന്വേഷണ വഴിതെറ്റിക്കാനും ശിവശങ്കർ ശ്രമിച്ചെന്നാണ് മറ്റൊരു ആരോപണം. ലൈഫ് മിഷനിലെ കോഴപ്പണം കൈപ്പറ്റിയ കോൺസുലേറ്റ് ജീവനക്കാരൻ ഖാലിദുമായി ബന്ധമില്ലെന്നായിരുന്നു ശിവശങ്കർ ആവർത്തിച്ചത്. എന്നാൽ തുടർ ചോദ്യം ചെയ്യലിൽ ഖാലിദിനെ അറിയാമെന്ന് ശിവശങ്കർ സമ്മതിച്ചു. കോഴപ്പണം കൈപ്പറ്റിയ ഖാലിദുമായുളള ശിവശങ്കറിന്‍റെ ബന്ധവും അന്വേഷിക്കേണ്ടതുണ്ട്. ലൈഫ് മിഷനിലെ ഇടപാട് എൻഫോഴ്സ്മെന്‍റിന്‍റെ അന്വേഷണപരിധിയിൽപ്പെടുമോയെന്ന് കോടതി ചോദിച്ചു. 

എന്നാൽ സ്വർണക്കളളക്കടത്തുകേസിലെ പ്രതികൾക്ക് ഈ ഇടപാടുകളുമായി ബന്ധമുണ്ടെന്നായിരുന്നു ഇഡിയുടെ മറുപടി. തുടർ ചോദ്യം ചെയ്യലുകൾക്കായി 7 ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും കോടതി ആറു ദിവസം അനുവദിച്ചു. കസ്റ്റഡിയിൽ തന്നെ പീ‍ഡിപ്പിച്ചിട്ടില്ലെന്നും ആവശ്യമായ വിശ്രമം അനുവദിച്ചെന്നും എം ശിവശങ്ക‍ർ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ , ലൈഫ് മിഷൻ കരാർ ലഭിച്ച ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് എം ഡി ആദിത്യ നാരായണ റാവു എന്നിവരോടും നാളെ കൊച്ചിയിലെ  ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കറിന്‍റെ സാന്നിധ്യത്തിൽ ഇരുവരുടെയും മൊഴിയെടുക്കും.
 

Follow Us:
Download App:
  • android
  • ios