ദില്ലി: 2024 ഓടെ ഇന്ത്യയെ 5 ട്രില്ല്യൺ സാമ്പത്തിക ശേഷിയുള്ള രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേട്ടം കൈവരിക്കാൻ ബുദ്ധിമുട്ടാണങ്കിലും ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് നീതി ആയോഗ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. 

2024-ഓടെ രാജ്യത്തെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കും. വരൾച്ചയെ നേരിടാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കും. ആയുഷ്മാൻ ഭാരത് നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ അത് ചെയ്യണമെന്നും 2025 ഓടെ രാജ്യത്തെ ക്ഷയരോഗ മുക്തമാക്കുമെന്നും നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും ജമ്മു കശ്മീര്‍ ഗവര്‍ണറും ആന്‍ഡമാന്‍ നിക്കോബാര്‍ അടക്കമുള്ള കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫനന്‍റ് ഗവര്‍ണര്‍മാരും നീതി ആയോഗ് യോഗത്തിനെത്തി. 

പ്രധാനമന്ത്രി നീതി ആയോഗില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

ഇന്നിവിടെ എത്തിയ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ് 2022-ല്‍ ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കുക. മെച്ചപ്പെട്ട ജീവതസാഹചര്യവും സൗകര്യങ്ങളും രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും പ്രാപ്തമാക്കാന്‍ നാം പ്രയത്നിക്കണം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിനകം തീര്‍ക്കണം. രാജ്യം 75-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന 2022-ല്‍ പുതിയൊരു ഇന്ത്യ സൃഷ്ടിച്ചെടുക്കാന്‍ നമ്മുക്ക് സാധിക്കണം. 

സ്വച്ഛ് ഭാരത് അഭയാന്‍, പ്രധാനമന്ത്രി ആവാസ് യോജന എന്നീ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്ന് പൂര്‍ത്തിയാക്കേണ്ട പദ്ധതികളാണ്. 2022-ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് മത്സ്യബന്ധനം, മൃഗസംരക്ഷണം, പുഷ്പകൃഷി, ഫല-പച്ചക്കറി കൃഷി എന്നീ വിഭാഗങ്ങള്‍ക്ക് കൂടി അര്‍ഹമായ നേട്ടം ലഭിക്കണം.

രാജ്യത്തിന്‍റെ സാമ്പത്തികപുരോഗതിക്ക് കയറ്റുമതിയില്‍ വളര്‍ച്ചയുണ്ടാവേണ്ടത് അനിവാര്യമാണ്.  ഇതിനായി സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ ഒന്നിച്ചു നിന്ന് പ്രയത്നിക്കണം. കയറ്റുമതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഒരുപാട് മേഖലകള്‍ രാജ്യത്തുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളടക്കം ഇതില്‍പ്പെടും. കയറ്റുമതി ശക്തമാക്കിയാല്‍ അതുവഴി വരുമാനം വര്‍ധിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. 

പുതുതായി രൂപീകരിച്ച ജല്‍ശക്തി മന്ത്രാലയം രാജ്യത്തെ ജലക്ഷാമം നേരിടുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും.വിവിധ സംസ്ഥാനങ്ങള്‍ ജലസംരക്ഷണത്തിനും ശാസ്ത്രീയമായ വിനിയോഗത്തിനുമായി നടപ്പാക്കിയ പദ്ധതികളെ അഭിനന്ദിക്കേണ്ടതായുണ്ട്. ജലസംരക്ഷണം ഉറപ്പാക്കാനും ജലചൂഷണം ഒഴിവാക്കാനുമായി പ്രത്യേക നിയമനിര്‍മ്മാണം തന്നെ നടത്തേണ്ടതായിട്ടുണ്ട്.