Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇതുവരെ നല്‍കിയത് 50 ലക്ഷം ഡോസ് വാക്‌സീന്‍; ഇന്ന് മാത്രം 2.38 ലക്ഷം പേര്‍ക്ക്

വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ഇന്ന് 2,38,721 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്.

fifty lakh dose vaccine given across state
Author
Trivandrum, First Published Apr 12, 2021, 5:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കൊവിഡ് വാക്‌സിന്‍ (49,19,234 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 1,52,316 ഡോസ് കൊവാക്‌സിനും) നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. അതില്‍ 45,48,054 പേര്‍ക്ക് ആദ്യഡോസ് വാക്‌സീനും 5,23,496 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കി. 1402 സര്‍ക്കാര്‍ ആശുപത്രികളും 424 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,826 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് ഇന്ന് വാക്‌സിനേഷന്‍ നടന്നത്. വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ഇന്ന് 2,38,721 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്.

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് കൊവിഡ് വാക്‌സീന്‍ ഇതുവരെ നല്‍കിയിരുന്നത്. ഇപ്പോള്‍ 45 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കുമാണ് വാക്‌സീന്‍ നല്‍കുന്നത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാസ് വാക്‌സിനേഷനിലൂടെ പരമാവധി ആളുകള്‍ക്ക് വാക്‌സീന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇനി 6 ലക്ഷത്തോളം ഡോസ് വാക്‌സീനുകളാണുള്ളത്. കൂടുതല്‍ വാക്‌സീന്‍ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് പരമാവധി ആള്‍ക്കാര്‍ക്ക് വാക്‌സീന്‍ നല്‍കുന്നതാണ്.

 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സീന്‍ സ്വീകരിക്കേണ്ടതാണ്. ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സീന്‍ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനെടുക്കാന്‍ എത്തുന്നതാണ് നല്ലത്. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios