മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി സംസ്ഥാന സർക്കാർ നിയമിച്ചു. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രിക്ക് ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബെഞ്ചിലെ അംഗമായിരുന്നു
തിരുവനന്തപുരം: മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി നൽകി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ നിയമിക്കാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി എം ഡി ആർ എഫ്) വകമാറ്റിയ കേസിലെ പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത ബെഞ്ചിലെ അംഗമായിരുന്നു അദ്ദേഹം. സി എം ഡി ആർ എഫ് വകമാറ്റിയ കേസിൽ ക്ലീൻ ചിറ്റ് നൽകിയതിനുള്ള ഉപകാര സ്മരണയാണ് ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി നൽകിയതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
ഉപകാര സ്മരണയെന്ന് വിമർശനം
നേരത്തെ ഇദ്ദേഹത്തെ ഫീ റെഗുലേറ്ററി കമ്മീഷൻ ചെയർമാനായി നിയമിക്കാൻ ശ്രമം നടന്നിരുന്നു. അന്ന് സി എം ഡി ആർ എഫ് വകമാറ്റിയ കേസിലെ പരാതിക്കാരനും പൊതുപ്രവർത്തകനും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയുടെ പ്രസിഡന്‍റുമായ ആർ എസ് ശശി കുമാർ രംഗത്തുവന്നിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ആ നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയിരുന്നു.


