Asianet News MalayalamAsianet News Malayalam

'ഒരു മാറ്റവുമില്ല'; പാര്‍ട്ടി പേര് സ്വന്തമാക്കാനുള്ള ശ്രമവുമായി ജോസഫ് വിഭാഗം, അടി തുടരുന്നു

പാർട്ടിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച അനുകൂല തീരുമാനം കോടതിയിൽ നിന്ന് നേടിയെടുക്കാനാണ് ശ്രമം. ഇതിനിടെ വിധി ലംഘിച്ച് ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം കോടതിയിൽ പരാതി നൽകി

fight between jose k mani and p j joseph continues
Author
Idukki, First Published Jan 19, 2021, 7:27 AM IST

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ജോസ് കെ മാണിക്ക് എതിരായ നിയമപോരാട്ടം കടുപ്പിച്ച് ജോസഫ് വിഭാഗം. പാർട്ടിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച അനുകൂല തീരുമാനം കോടതിയിൽ നിന്ന് നേടിയെടുക്കാനാണ് ശ്രമം. ഇതിനിടെ വിധി ലംഘിച്ച് ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം കോടതിയിൽ പരാതി നൽകി.

പിളര്‍പ്പും മുന്നണി മാറ്റവും എല്ലാം കഴിഞ്ഞിട്ടും ഇതുവരെ കേരള കോൺഗ്രസിലെ തർക്കങ്ങൾ അവസാനിച്ചിട്ടില്ല. പാർട്ടി ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിനെതിരെ പാർട്ടിയുടെ പേര് സ്വന്തമാക്കി തിരിച്ചടി നൽകാനാണ് ജോസഫ് വിഭാഗത്തിന്‍റെ ശ്രമം.

ചിഹ്നമായ രണ്ടില നൽകിയെങ്കിലും കേരള കോൺഗ്രസ് എം എന്ന പേര് ജോസ് വിഭാഗത്തിന് അനുവദിച്ചിട്ടില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നിലവിലുണ്ട്. കേരള കോൺഗ്രസ് എം എന്ന പേര് കിട്ടിയാൽ രണ്ടില ചിഹ്നത്തിൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ജോസഫ് പക്ഷത്തിന്‍റെ തീരുമാനം.

ഇതിനിടെ ജോസ് കെ മാണിക്ക് എതിരെ ജോസഫ് വിഭാഗം വീണ്ടും കട്ടപ്പന കോടതിയെ സമീപിച്ചു. കട്ടപ്പന കോടതിയുടെ വിധി അനുസരിച്ച് ചെയർമാൻ പദവി ഉപയോഗിക്കാനോ അധികാരം കയ്യാളാനോ ജോസ് മാണിയ്ക്ക് അനുമതിയില്ല. വിധി ലംഘിച്ച് ജോസിനെ വീണ്ടും ചെയർമാനായി തെരഞ്ഞെടുത്തെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പരാതി. 

Follow Us:
Download App:
  • android
  • ios