Asianet News MalayalamAsianet News Malayalam

പ്ലസ് ടു വിദ്യാർത്ഥിനികളുടെ തർക്കം; ആൺ സുഹൃത്തുക്കൾ തമ്മിൽ കയ്യാങ്കളിയായി, അയൽവാസിക്ക് കുത്തേറ്റു

അശോകൻ്റെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ബഹളത്തിനിടിയൽ പടക്കം എറിഞ്ഞതായും നാട്ടുകാർ പറയുന്നു. കുറിച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നീ യുവാക്കളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.

fight between plus two students boyfriends turns violent neighbor injured
Author
Kottayam, First Published Nov 8, 2021, 11:30 AM IST

കോട്ടയം: പ്രണയ ബന്ധത്തെ ചൊല്ലി പ്ലസ് ടു വിദ്യാർത്ഥിനികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അയൽവാസിക്ക് കുത്തേറ്റു. പെൺകുട്ടിയും നാല് ആൺ സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയത്. സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ കടുത്തുരുത്തി മങ്ങാട് സ്വദേശി അശോകൻ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്

കടുത്തുരുത്തി മങ്ങാട് സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയും കാപ്പുംതല സ്വദേശിനിയായ വിദ്യാർഥിനിയും സുഹൃത്തുക്കളായിരുന്നു. കാപ്പുംതല സ്വദേശിനി കുറിച്ചി സ്വദേശിയായ ജിബിനുമായി പ്രണയത്തിലായിരുന്നു. ജിബിന്റെ മുൻകാമുകി എന്ന പേരിൽ കോട്ടയം തിരുവമ്പാടി സ്വദേശിനിയായ മറ്റൊരു പെൺകുട്ടി മങ്ങാട് സ്വദേശിനിയെ വിളിച്ച് സുഹൃത്തിനെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരം കാപ്പുംതല സ്വദേശിനിയെ അറിയിച്ചതോടെയാണ് തർക്കമായത്. 

കാമുകനെ തട്ടിയെടുക്കാൻ സുഹൃത്ത് ശ്രമിക്കുന്നുവെന്ന് സംശയിച്ച പെൺകുട്ടി കാമുകനെയും 3 സുഹൃത്തുക്കളേയും കൂട്ടി മങ്ങാട് സ്വദേശിനിയുടെ വീട്ടിലെത്തി. സംസാരത്തിനിടെ വാക്കേറ്റമായി. മങ്ങാട് സ്വദേശിനിയുടെ പിതാവിന് ആൺ സുഹൃത്തുക്കളിൽ നിന്ന് മർദനമേറ്റു.  കയ്യിൽ കരുതിയ പടക്കമെറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. 

സംഘർഷം ഒഴിവാക്കാൻ എത്തിയപ്പോൾ ആണ് അയൽവാസിയായ അശോകന് കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ അശോകന്റെ ശ്വാസകോശത്തിന് മുറിവുണ്ട്. കാഴ്ചയ്ക്കും കേൾവി ശക്തിക്കും തകരാർ സംഭവിച്ചു. 

സംഭവത്തിൽ പെൺകുട്ടിയും ജിബിൻ, സുബീഷ്, കൃഷ്ണകുമാർ എന്നിവരും പോലീസ് പിടിയിലായി. സമീപവാസിയുടെ ബൈക്ക് എടുത്ത് രക്ഷപെട്ട കൃഷ്ണകുമാറിനെ പോലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. അക്രമി സംഘം ലഹരിക്കടിമകളാണെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പരിശോധിച്ച് വരികയാണ്. തിരുവമ്പാടി സ്വദേശിനിയിൽ നിന്നും പൊലീസ് മൊഴിയെടുക്കും. 

Follow Us:
Download App:
  • android
  • ios