കണ്ണൂര്‍: കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ തമ്മിലടി. മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന സുരേന്ദ്രനെ കോൺഗ്രസിലെ ചില നേതാക്കൾ സൈബർ ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ടതിൽ അന്വേഷണം വേണമെന്ന് കെപിസിസി അംഗം പരാതി നൽകി.

സുരേന്ദ്രനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്ന് കെ സുധാകരൻ എംപിയും വ്യക്തമാക്കി. സുരേന്ദ്രന്റെ ചിത പയ്യാമ്പലം കടപ്പുറത്ത് എരിഞ്ഞു തീരും മുന്പാണ് കണ്ണൂര്‍ കോൺഗ്രസിൽ തമ്മിലടി തുടങ്ങിയിരിക്കുന്നത്. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് സുരേന്ദ്രനെ അധിക്ഷേപിച്ചുകൊണ്ട് പ്രവാസിയായ കോൺഗ്രസ് പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

പാർട്ടിക്ക് ഒരു ഗുണവും ഇല്ലാത്ത സുരേന്ദ്രൻ ഇപ്പോൾ മേയർ കുപ്പായവും തയ്പ്പിച്ച് നടക്കുകയാണെന്നും അഴിമതിയിൽ മുങ്ങിയ ആളാണ് സുരേന്ദ്രനെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. സുരേന്ദ്രനെ ജാതീയമായി കൂടി പരിഹസിക്കുന്ന പോസ്റ്റിന് പിന്നിൽ കണ്ണൂർ കോർപ്പറേഷൻ ഭരണം ആഗ്രഹിക്കുന്ന കോൺഗ്രസ് നേതാവാണ് എന്ന് കെപിസിസി അംഗം കെ. പ്രമോദ് ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടിക്കുള്ളലെ ഗൂഡാലോചനയിൽ സുരേന്ദ്രൻ മാനസികമായി തളർന്നിരുന്നെന്നും ഈ സംഭവം ഡിസിസി അന്വേഷിക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു. പ്രമോദ് ഉയർത്തിയത് ഗൗരവകരമായ പ്രശ്നമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഐഎൻടിയുസിയുടെ ദേശീയ സെക്രട്ടറി ആയിരുന്ന സുരേന്ദ്രൻ 2012 മുതൽ നാല് വ‍ർഷം കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്നു.

ഞായറാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്നാണ് സുരേന്ദ്രൻ മരിച്ചത്.തിരുവേപ്പതി മില്ലിൽ സ്റ്റോർ കീപ്പറായി ജോലി തുടങ്ങിയ സുരേന്ദ്രൻ തൊഴിലാളി നേതാവായി വള‍ർന്നു. കെ കരുണാകരനായിരുന്നു ഗുരു. രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സംഘടനാ രംഗത്ത് സജീവമായ സുരേന്ദ്രൻ ഐഎൻടിസിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു.