Asianet News MalayalamAsianet News Malayalam

തരൂരിനെച്ചൊല്ലി കോട്ടയത്തും പോര്: 'യൂത്ത് കോൺഗ്രസ് പരിപാടി അറിയിച്ചിട്ടില്ല, പരാതി മേൽഘടകത്തെ അറിയിക്കും'

സാധാരണ ഗതിയിൽ ഇത്തരം പരിപാടികൾ ഡി സി സിയെ അറിയിക്കുന്നതാണ് പതിവെന്നും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്.

fight in kottayam congress over sasi tharoor programme
Author
First Published Nov 23, 2022, 3:36 PM IST

കോട്ടയം: ശശി തരൂരിന് വേദി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് കോട്ടയം കമ്മറ്റി തീരുമാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. പരിപാടിയെ കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ്  നാട്ടകം സുരേഷ് പറഞ്ഞു.സാധാരണ ഗതിയിൽ ഇത്തരം പരിപാടികൾ ഡിസിസിയെ അറിയിക്കുന്നതാണ് പതിവ്. യൂത്ത് കോൺഗ്രസിന്‍റെ  നടപടിയെ സംബന്ധിച്ച് ചിലർ പരാതി  നൽകിയിട്ടുണ്ട്. ഇത് മേൽഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതിയ ചേരിതിരിവിൽ ശശി തരൂരിന് ഒപ്പമാണെന്ന വ്യക്തമായ സൂചന നൽകിയാണ് , ഉമ്മൻചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് തരൂരിന് യൂത്ത് കോൺഗ്രസ് വേദി ഒരുക്കുന്നത്.അടുത്ത മാസം മൂന്നിന് തരൂർ ഉദ്ഘാടനം ചെയ്യുന്ന കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിന്‍റെ  ആദ്യ പ്രചാരണ ബോർഡിൽ നിന്ന് വി.ഡി.സതീശന്‍റെ  ചിത്രം പോലും ഒഴിവാക്കിയെങ്കിലും വിവാദമായതോടെ കൂട്ടിച്ചേര്‍ത്തു.തരൂർ ഒരു വശത്തും സതീശൻ മറുവശത്തുമായി നിലയുറപ്പിച്ച് നടത്തുന്ന പുതിയ ഗ്രൂപ്പ് യുദ്ധത്തിൽ മൗനത്തിലായിരുന്നു നാളുകളായി കോൺഗ്രസിലെ എ ഗ്രൂപ്പ് . എന്നാൽ എ ഗ്രൂപ്പിന് മേധാവിത്വമുള്ള യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി അടുത്ത മാസം മൂന്നിന് ഈരാറ്റുപേട്ടയിൽ നടത്താൻ പോകുന്ന രാഷ്ട്രീയ സമ്മേളനത്തിനായി തയാറാക്കിയ  ആദ്യ പ്രചാരണ ബോർഡിലൂടെ പിന്തുണ തരൂരിന് തന്നെയെന്ന് പ്രഖ്യാപിക്കുകയാണ് ഗ്രൂപ്പ് നേതൃത്വം . ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ തരൂരിനായി സംഘടിപ്പിച്ചിരിക്കുന്ന രാഷ്ട്രീയ സമ്മേളന പോസ്റ്ററിൽ കെ.സി.വേണുഗോപാലും, കെ.സുധാകരനും ഉണ്ടെങ്കിലും വി.ഡി.സതീശനില്ല.  ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും  തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്ക് ഈ നീക്കത്തിൽ അതൃപ്തിയുണ്ടു താനും.

ആദ്യ പോസ്റ്ററിലെ രാഷ്ട്രീയം  വാർത്തയായതിനു   തൊട്ടുപിന്നാലെ പ്രാദേശിക നേതാക്കൾക്കൊപ്പം സതീശന്റെ ചിത്രം കൂടി വച്ച് പുതിയ പോസ്റ്റർ ഇറക്കി.എ ഗ്രൂപ്പിന്‍റെ  കോട്ടയത്തു നിന്നുള്ള മാസ്റ്റർ സ്ട്രൈക്ക് സതീശൻ ക്യാമ്പിനെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. തരൂരിനെ അനുകൂലിക്കാനുള്ള എ ഗ്രൂപ്പ് നീക്കത്തിനു പിന്നിൽ കൃത്യമായ കൂടിയാലോചനകൾ നടന്നിട്ടുണ്ടെന്നും സതീശൻ അനുകൂലികൾ വിലയിരുത്തുന്നു.

Follow Us:
Download App:
  • android
  • ios