മൊബൈൽ ഫോൺ നൽകാത്തതിൽ പിണങ്ങി; ബോധംകെട്ട് വീണ വിദ്യാർത്ഥിക്ക് രക്ഷകരായി പൊലീസ്

തൃശൂർ: മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് വീട്ടുകാരുമായി വഴക്കിട്ട് മുറിക്കുള്ളിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് രക്ഷകരായി കുന്നംകുളം പൊലീസ്. പൊലീസിൻ്റെ സമയോചിതമായ ഇടപെടൽ ഒരു കുരുന്നു ജീവൻ രക്ഷിച്ചു. ചൂണ്ടൽ പുതുശേരി സ്വദേശിയായ 12 വയസ്സുകാരനാണ് സംഭവശേഷം മുറിയിൽ കുഴഞ്ഞുവീണത്.

ഫോൺ വാങ്ങി നൽകാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് പിന്നിൽ. കുട്ടി വാതിൽ അടച്ച് മുറിക്കുള്ളിൽ കയറിയ ശേഷം വീട്ടുകാർ നിരവധി തവണ വാതിൽ മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതോടെ കുട്ടിയുടെ മാതാവ് പൊലീസിൻ്റെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

ഹെൽപ്പ് ലൈൻ നമ്പറിൽ നിന്ന് ഉടൻതന്നെ കുന്നംകുളം സ്റ്റേഷനിലേക്ക് വിവരം കൈമാറി. നിമിഷങ്ങൾക്കകം ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സബ് ഇൻസ്പെക്ടർ കെ.എൻ. ഹരിഹര സോനു, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ജോഷി, സിവിൽ പൊലീസ് ഓഫീസർ അൻഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി. പോലീസ് വിളിച്ചിട്ടും കുട്ടി വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പോലീസുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് കുട്ടിയെ പുറത്തെടുത്തു.

ഉടൻതന്നെ പൊലീസ് ജീപ്പിൽ കുട്ടിയെ കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.