കൊച്ചി: പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ശോഭ സുരേന്ദ്രനെ ചൊല്ലി ബിജെപി കോർ കമ്മിറ്റിയിൽ ത‍ർക്കം. ശോഭ സുരേന്ദ്രനെതിരെ  നടപടി ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ പക്ഷം നിലപാട് കർശനമാക്കിയപ്പോൾ ശോഭ സുരേന്ദ്രൻ ഉന്നയിച്ച പരാതികളിൽ ആണ് നടപടികൾ വേണ്ടതെന്ന് കൃഷ്ണദാസ് പക്ഷവും നിലപാടെടുത്തു. അതേസമയം ശോഭ സുരേന്ദ്രൻ പാർട്ടിയിൽ സജീവമായുണ്ടാകുമെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം കേന്ദ്ര നേതാക്കൾ പ്രതികരിച്ചത്. 

രൂക്ഷമായ ഭിന്നതകൾക്കിടയിൽ ചേർന്ന ബിജെപി  കോർക്കമ്മിറ്റി യോഗത്തിൽ ശോഭസുരേന്ദ്രന്‍റെ വിട്ടു നിൽക്കലിൽ വലിയ ചർച്ചയാണ് നടന്നത്.   സംസ്ഥാന സെക്രട്ടറി   സിപി കൃഷ്ണകുമാറും, സിപി സുധീറും  സംസ്ഥാനം നേതൃത്വത്തെ അംഗീകരിക്കാത്ത ശോഭയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. 

എന്നാൽ ശോഭ സുരേന്ദ്രൻ ഉന്നയിച്ച പരാതികൾ കോർ കമ്മിറ്റി വിളിച്ച് ചർച്ച ചെയ്യാത്തതാണ് പ്രശനം വഷളാക്കിയതെന്നും നടപടിയല്ല വേണ്ടതെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കണമെന്നും പികെ  കൃഷ്ണദാസ് യോഗത്തിൽ ആവശ്യപ്പെട്ടു.  

ഇരുവിഭാഗവും യോജിച്ച് പോകണമെന്ന നിർദ്ദേശമാണ് യോഗത്തിൽ കുമ്മനം രാജശേഖരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ  സ്വീകരിച്ചത്. പാർട്ടിയിൽ പ്രശനങ്ങളില്ലെന്നും ശോഭ സുരേന്ദ്രൻ സജീവമായി ഉണ്ടാകുമെന്നും യോഗ ശേഷം പ്രഭാരി സിപി സിപി രാധാകൃഷ്ണൻ  പറഞ്ഞു.