സിനഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ബിഷപ്പ് ഹൗസിൽ വൈദികർ ആർച്ച് ബിഷപ്പിനെ കാണുമ്പോൾ പുറത്ത് കുർബാന വിഷയത്തെ ചൊല്ലി സംഘർഷത്തിലായിരുന്നു വിശ്വാസികൾ.

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ ഞായറാഴ്ച മുതല്‍ ഏകീകൃത ബലിയര്‍പ്പണ രീതി നടപ്പാക്കണമെന്ന സിനഡ് നിര്‍ദേശം തള്ളി വൈദികര്‍. അതിരൂപതയിലെ പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന തുടരാൻ വൈദികരുടെ യോഗത്തില്‍ തീരുമാനിച്ചു. (Fight over unified mass conitnues) ബിഷപ്പ് ആന്റണി കരിയിലിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് സിനഡ് തീരുമാനത്തിൽ ഒപ്പുവെപ്പിച്ചതെന്നാണ് ആരോപണം. അതേസമയം ഏകീകൃത ബലിയര്‍പ്പണ രീതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിൽ അതിരൂപത ആസ്ഥാനത്തിന് മുന്നിൽ സംഘർഷമുണ്ടായി. 

സിനഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ബിഷപ്പ് ഹൗസിൽ വൈദികർ ആർച്ച് ബിഷപ്പിനെ കാണുമ്പോൾ പുറത്ത് കുർബാന വിഷയത്തെ ചൊല്ലി സംഘർഷത്തിലായിരുന്നു വിശ്വാസികൾ. കര്‍ദ്ദിനാൾ അനുകൂലികളും വിമതരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. അതിരൂപത ആസ്ഥാനത്ത് കുര്‍ബാന ക്രമം ഏകീകരണത്തെ എതിര്‍ത്ത് യോഗം ചേര്‍ന്ന വൈദികരുടെ ദൃശ്യങ്ങൾ പകര്‍ത്താൻ എതിര്‍പക്ഷം ശ്രമിച്ചതാണ് സംഘര്‍ഷത്തിലെത്തിച്ചത്.

തൊട്ടു പിന്നാലെ വൈദികർ യോഗം അവസാനിപ്പിച്ച് പുറത്തിറങ്ങി. ഓശാന ഞായർ മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലും ഏകീകൃത കുർബാന തുടങ്ങുമെന്ന സിനഡ് സർക്കുലർ തള്ളുകയാണെന്നും ജനാഭിമുഖ കുർബാന തുടരുമെന്നും വൈദികർ വ്യക്തമാക്കി. അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിലിനെ സമ്മര്‍ദം ചെലുത്തിയാണ് വ്യാഴാഴ്ചത്തെ സര്‍ക്കുലറിൽ ഒപ്പുവപ്പിച്ചത്. ഈ സര്‍ക്കുലറിന് കാനോൻ നിയമപ്രകാരം സാധുതയില്ലെന്നാണ് വൈദികരുടെ വാദം.

സര്‍ക്കുലറിൽ ഒപ്പ് വയ്ക്കാൻ തന്നെ സമ്മര്‍ദം ചെലുത്തിയതായി മാര്‍ ആന്‍റണി കരിയില്‍ അറിയിച്ചതായും വൈദികര്‍ അവകാശപ്പെടുന്നു. ഓശാന ഞായറാഴ്ച ഏകീകൃത കുബാന അനുവദിക്കില്ലെന്ന് വൈദികർ പ്രഖ്യാപിച്ചതടെ ബസലിക്ക പള്ളിയൽ കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയ്ക്ക് കുർബാന അർപ്പിക്കാൻ എത്താൻ കഴിഞ്ഞേക്കില്ല.