Asianet News MalayalamAsianet News Malayalam

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

കേരളത്തില്‍ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭ്യമാണ്. ഒരു മണിക്കൂറില്‍ ശരാശരി 180 രോഗികള്‍ (1 മിനിറ്റില്‍ 3 രോഗികള്‍) പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നു.

Finance Department sanctioned 200 crore rupees for karunya Project
Author
First Published Jan 11, 2023, 9:02 PM IST

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതോടെ 800 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ  പദ്ധതിയ്ക്കായി ആകെ അനുവദിച്ചത്. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ചികിത്സാ പദ്ധതിയാണ് കാരുണ്യ. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് (SHA) പദ്ധതിയുടെ നടത്തിപ്പ് ചുമതല. 

കേരളത്തില്‍ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലും പദ്ധതിയുടെ സേവനം ലഭ്യമാണ്. ഒരു മണിക്കൂറില്‍ ശരാശരി 180 രോഗികള്‍ (1 മിനിറ്റില്‍ 3 രോഗികള്‍) പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നു. 1667 ചികിത്സ പാക്കേജുകൾ ആണ് നിലവിൽ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്.  പെട്ടെന്നുണ്ടാകുന്ന ഭാരിച്ച ചികിത്സാ ചെലവുകൾ  സാധാരണ കുടുംബങ്ങളെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിടുന്ന  സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടിട്ടുള്ളത്.

സാധാരണ ജനങ്ങളോടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ ഒരിക്കൽ കൂടി  തെളിയിക്കപ്പെടുന്നതെന്നും  ധനകാര്യ മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios