കൊല്ലം: സംസ്ഥാനത്തെ അങ്കണവാടികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. വാടകക്കും വൈദ്യുതി ബില്ലിനും അടക്കം
പണം കിട്ടാതെ അടച്ചുപൂട്ടലിന്‍റെ വക്കിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം അങ്കണവാടികളും. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് വനിത ശിശുവികസന വകുപ്പ് അധികൃതര്‍ പ്രതികരിച്ചു.

സ്വന്തമായി കെട്ടിടങ്ങളില്ലാത്ത അങ്കണവാടികൾ 3000 രൂപ മുതല്‍ 4000 രൂപ വരെ വാടക നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. മാസങ്ങളായി കുടിശിക വന്നതോടെ പല അങ്കണവാടികളും പൂട്ടേണ്ട അവസ്ഥയിലാണ്. സര്‍വേകളടക്കം പുറത്തുപോയി ചെയ്യേണ്ട നിരവധി ജോലികളാണ് അങ്കണവാടി അധ്യാപകരെ ഏല്‍പിച്ചിട്ടുള്ളത്. സ്വന്തം കയ്യിൽ നിന്ന് പണം ചെലവഴിച്ച് കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് അങ്കണവാടി അധ്യാപകരും പറയുന്നു. 

അതേസമയം സാമ്പത്തിക പ്രതിസന്ധി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് വനിത ശിശുവികസന വകുപ്പ് അധികൃതര്‍ പറയുന്നത്. ഫണ്ട് നല്‍കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.