വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസിൻ്റെ സ്ഥിരീകരണം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും. രണ്ടു ദിവസം കൂടി അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് അനുവദിച്ചാൽ ജയിലിൽ എത്തിക്കും. മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മാത്രമേ രേഖപ്പെടുത്തൂവെന്നും അഫാനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിവൈഎസ്‌പി പറഞ്ഞു.

അതേസമയം ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഫാൻ്റെ മാതാവ് ഷെമിനയുടെ മൊഴി നാളെ രേഖപ്പെടുത്തുമെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി. ഷെമിനയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ കേസിൽ അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. സൽമാ ബീവിയുടെ കൊലപാതകത്തിലാണ് പാങ്ങോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒന്നാം വാര്‍ഡിലെ പ്രത്യേക മുറിയിൽ പൊലീസ് സംരക്ഷണയിലാണ് പ്രതി കഴിയുന്നത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടാലുടൻ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് പദ്ധതി. 

അഞ്ച് പേരുടെ കൂട്ടക്കുരുതി സംബന്ധിച്ച് നിലവിൽ അഫാൻ നൽകുന്ന മറുപടിയിൽ വ്യക്തത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബം കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. കടം കൊടുത്തവരെ തെരഞ്ഞു പിടിച്ച് പൊലീസ് മൊഴിയെടുക്കുന്നുണ്ട്. ഇവരെല്ലാം കേസിൽ സാക്ഷികളാകും.

അക്രമത്തിൽ ഗുരുതര പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഫാന്റെ ഉമ്മയും ആരോഗ്യം വീണ്ടെടുക്കുകയാണ്. രണ്ട് മണിയോടെ ഡിവൈഎസ്പി ആശുപത്രിയിലെത്തിയെങ്കിലും ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ മൊഴിയെടുപ്പ് നാളത്തേക്ക് മാറ്റി. ഈ മൊഴിയും അന്വേഷണത്തിൽ നിർണായകമാണ്

YouTube video player