ജൂൺ 12ന് ആശുപത്രിയിൽ നടത്തിയ ഇൻ്റേണൽ പരിശോധനയിലാണ് തിരിമറി ആദ്യം കണ്ടെത്തിയത്. 

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിൽ ജില്ലാ കളക്ടറുടെ പരിശോധനാ റിപ്പോർട്ട് പുറത്തു വന്നു. കൗണ്ടർസ്റ്റാഫ് ഗിരിജ കെ ആനന്ദ് തട്ടിയെടുത്തത് 10.17 ലക്ഷം രൂപയെന്നാണ് കണ്ടെത്തൽ. 2022 ജൂൺ മുതൽ 2023 ജൂൺ വരെ എല്ലാ ദിവസവും പണം തട്ടിയെടുത്തു. വിശദാന്വേഷണം ആവശ്യപ്പെട്ട് സിഡിഎസ് അംഗം വിജിലൻസിനെ സമീപിച്ചു 

ഇക്കഴിഞ്ഞ ജൂൺ 12 ന് ആശുപത്രിയിലെ ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ആശുപത്രിവികസന സൊസൈറ്റിയുടെ ദൈനംദിന പണം കൈകാര്യം ചെയ്തിരുന്നത് താത്കാലിക ജീവനക്കാരിയായിരുന്ന ഗിരിജയായിരുന്നു. 2019 മുതൽ കൗണ്ടർ സെക്ഷൻ കൈകാര്യം ചെയ്തിരുന്ന ഗിരിജ ഒരു മാസം അയ്യായിരം രൂപമുതൽ ഒരു ലക്ഷം രൂപ വരെയാണ്‌ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ആഭ്യന്തരസമിതി ജില്ലാ കളക്ടറെ വിവരമറിയിച്ചു. കളക്ടര്‍ നിയോഗിച്ച ഫിനാൻസ് ഓഫീസർ കഴിഞ്ഞ കൊല്ലം ജൂൺ മുതൽ ഇക്കൊല്ലം ജൂൺ വരെയുള്ളഎല്ലാ ദിവസത്തെയും കണക്കു പരിശോധിച്ചു.

2021, 2022 കൊല്ലത്തെ തെരഞ്ഞെടുത്ത ദിവസങ്ങളും പരിശോധിച്ചു. പത്തേകാൽ ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ. കണക്ക് എഴുതി വയ്ക്കുന്ന രജിസ്റ്ററിലെ പല പേജുകളും കാണാതായതായും ശ്രദ്ധയിൽപ്പെട്ടു. സ്ഥിരം ജീവനക്കാരെ പണം കൈകാര്യം ചെയ്യുന്ന ചുമതല ഏൽപിക്കണമെന്നാണ് ഫിനാൻസ് ഓഫീസറുടെ പരിഹാരനിർദ്ദേശങ്ങളിലൊന്ന്. പ്രതിയായ താത്കാലിക ജീവനക്കാരി 2019 മുതൽ ഇവിടെ ജോലി ചെയ്തതിനാൽ അക്കാലം തൊട്ടുള്ള വിശദ പരിശോധനയാണ് എച്ച് ഡി എസ് അംഗങ്ങളടക്കം വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

പൊലീസിനെ വെല്ലുവിളിച്ച് അജ്ഞാത രൂപം, കരി പുരണ്ട കൈപ്പത്തിക്ക് പിന്നാലെ ചിത്രം വരയും, വലഞ്ഞ് നാട്ടുകാരും