ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പാക്കിയതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടുള്ള എൽഡി ക്ലാർക്ക് റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണവും വർധിപ്പിച്ചു. ഈഴവ സമുദായത്തിന് 17 % എസ് സി എസ് ടി 12 % , വിശ്വകർമ്മ 3 , ധീവര , നാടാർ വിഭാഗങ്ങൾക്ക് ഒരു ശതമാനം വീതവും ആണ് വർധിപ്പിച്ചത്. റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിൽ യുവതി പ്രവേശനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകാൻ 2017ൽ ആണ് മന്ത്രിസഭ തീരുമാനിച്ചത്. തീരുമാനം സംസ്ഥാന സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് എൻഎസ്എസ് രംഗത്തെത്തിയിരുന്നു. ദേവസ്വം ബോർഡ് നിയമനങ്ങളിലടക്കം മുന്നോക്ക സംവരണം സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നായിരുന്നു ജി.സുകുമാരൻ നായരുടെ കുറ്റപ്പെടുത്തൽ.

മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം ഉള്ളവർക്ക് സംവരണം, മന്നത്ത് പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടു വരിക എന്നീ കാര്യങ്ങൾ മാത്രമാണ് സർക്കാരിനോട് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇതൊന്നും നടപ്പായില്ലെന്നും സുകുമാരൻ നായർ വിമർശനം ഉന്നയിച്ചിരുന്നു.