Asianet News MalayalamAsianet News Malayalam

മാധ്യമപ്രവര്‍ത്തകന്‍റെ അപകടമരണം; ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കുന്ന കുറ്റം

മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്കു കേസെടുത്ത് പൊലീസ്. ജാമ്യം ലഭിക്കുന്ന കുറ്റം ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍, എഫ്ഐആറില്‍ ഡ്രൈവറിന്റെ പേര് ചേർത്തിട്ടില്ല

fir details of k m basheer accident case
Author
Thiruvananthapuram, First Published Aug 3, 2019, 9:25 AM IST

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്കു കേസെടുത്ത് പൊലീസ്. ജാമ്യം ലഭിക്കുന്ന കുറ്റം ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍, എഫ്ഐആറില്‍ ഡ്രൈവറിന്റെ പേര് ചേർത്തിട്ടില്ല.

അന്വേഷണത്തിന് ശേഷമേ പേര് ഉൾപ്പെടുത്തുള്ളുവെന്നാണ് പൊലീസ് പറയുന്നത്. സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അതേസമയം, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. പക്ഷേ, ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരായ ഷഫീക്ക്, മണികുട്ടൻ എന്നിവർ വെളിപ്പെടുത്തി.

ശ്രീറാം തന്നെയാണ് കാറൊടിച്ചതെന്ന്  അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ മണികുട്ടൻ പറഞ്ഞു. കാർ അമിത വേഗതയിലാണ് സ‍ഞ്ചരിച്ചിരുന്നതെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും മണികുട്ടൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന്  നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios