തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പ്രഥമവിവര റിപ്പോർട്ട്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ സംബന്ധിച്ച് സിപിഎം - കോണ്‍ഗ്രസ് വാക്പോര് തുടരുന്നതിനിടെയാണ് രാഷ്ട്രീയ വൈരാഗ്യമെന്ന പ്രഥമ വിവര റിപ്പോർട്ട് പുറത്തുവരുന്നത്. 

പ്രതികളായ കോണ്‍ഗ്രസ് പ്രവർത്തകർ ആയുധവുമായി എത്തി മുഹമ്മദ് ഹക്ക്, മിഥിലാജ് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചുവെന്നാണ് പ്രാഥമിക പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. സജീവ്, സനൽ എന്നീ കോണ്‍ഗ്രസ് പ്രവർത്തരെ പൊലീസ് അറസ്റ്റ്  ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിയത് ഇവരാണെന്നാണ് പൊലീസ് കണ്ടെത്തൽ. 

സാക്ഷി മൊഴിയും ഇതിന് ബലമേകുന്നു. അക്രവുമായി ബന്ധപ്പെട്ട് ഏഴ് പേർ കസ്റ്റഡിയിൽ തുടരുകയാണ്. അതേസമയം ഇവർക്കൊപ്പമുണ്ടെന്ന് കണ്ടെത്തിയ അൻസർ ഇപ്പോഴും ഒളിവിലാണ്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനങ്ങൾ പലയിടത്തും അക്രമത്തിൽ കലാശിച്ചു. വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഓഫീസിന് സിപിഎം പ്രവർത്തകർ തീയിട്ടു. 

പേട്ടയിലെ കോണ്‍ഗ്രസ് ഓഫീസും അടിച്ച് തകർത്തു. കേശവദാസപുരത്ത് വീട്ടിൽ ബോംബ് പൊട്ടി. സിപിഎം ബന്ധമുള്ള സ്റ്റീഫൻ എന്ന ശബരി കയ്യില്‍ സൂക്ഷിച്ച ബോംബാണ് സുഹൃത്തിന്‍റെ വീട്ടിലെത്തിയപ്പോൾ പൊട്ടിയത്. ഇരുകൈകളും തകർന്നു. പ്രശ്നബാധിത മേഖലകളിൽ പൊലീസ് വിന്യാസവും ശക്തമാക്കിയിരിക്കുകയാണ്.