തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ സെക്രട്ടറിയേറ്റ് വളപ്പിൽ നടന്നത് അസാധാരണ നാടകീയ സംഭവ വികാസങ്ങള്‍. തീപ്പിടുത്തത്തിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളപ്പിൽ പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ട് സ്ഥത്തെത്തി മാധ്യമങ്ങളോട് അടക്കം പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്നും പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിൽ രാഷ്ട്രീയ പ്രസംഗം പാടില്ല. ആക്ഷേപങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും സംഭവിച്ചതെന്താണെന്ന് അന്വേഷിച്ച ശേഷം അറിയിക്കാമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 

നിലവിൽ കൂടുതൽ കോൺഗ്രസ്-ബിജെപി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി നേരിട്ടെത്തി പൊതു പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ വി.എസ്.ശിവകുമാർ എംഎൽഎ യും വിടിബൽറാമും യുഡിഎഫ് നേതാക്കളും കുത്തിയിരിക്കുകയാണ്. സംഭവ സ്ഥലത്തേക്ക് കടത്തിവിടാത്തത്തിലാണ് പ്രതിഷേധം. 

'സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ഫയലുകൾക്ക് തീയിട്ടു', കടുത്ത ആരോപണവുമായി പ്രതിപക്ഷം

സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് ഇന്ന് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല. ജിഐഎ പൊളിറ്റിക്കൽ ഓഫീസിലാണ് തീപിടുത്തം ഉണ്ടായതെന്ന് ഫയർഫോഴ്സ് പറഞ്ഞു. സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ പുക നിറഞ്ഞ സ്ഥിതി ആയിരുന്നു. ഒട്ടേറെ ഫയലുകൾ കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം എന്നും ഫയർഫോഴ്സ് പ്രതികരിച്ചു.

അതേസമയം, സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ വെച്ചിരിക്കുന്ന റാക്കിൽ ആണ് തീ പിടുത്തം ഉണ്ടായത്. ബാക്കി ഫയലുകൾ സുരക്ഷിതമെന്നും പൊതുഭരണ വകുപ്പ് പ്രതികരിച്ചു.