കൊച്ചി:  ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം. പുലർച്ചെ രണ്ടേകാലോടെ ഇടപ്പള്ളിയിലെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പ് മുറിയും ലിവിംഗ് റൂമും പൂർണമായും കത്തി നശിച്ചു. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും രണ്ട് ജോലിക്കാരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെ ഫയർ ഫോഴ്സ് എത്തി പുറത്തെത്തിച്ചു.

വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നി നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളുമുള്‍പ്പടെ ഉള്ളവരെ ഏണി ഉപയോ​ഗിച്ച് ജനാല വഴിയാണ് പുറത്തെത്തിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.