ദില്ലിയില്‍ എംപിമാര്‍ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റില്‍ തീപിടുത്തം. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍റെ രണ്ട് നിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ആളപായമില്ല.

ദില്ലി: ദില്ലിയില്‍ എംപിമാര്‍ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റില്‍ തീപിടുത്തം. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍റെ രണ്ട് നിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ആളപായമില്ല. പടക്കത്തില്‍ നിന്ന് തീപടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് ഒരു മണിയോടെയാണ് ബിഡി മാര്‍ഗിലുള്ള ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് തീപിടിച്ചത്. ബേസ്മെന്‍റില്‍ കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ ഫര്‍ണ്ണിച്ചറുകള്‍ക്ക് ആദ്യം തീ പിടിക്കുകയായിരുന്നു. ദീപാവലിക്കാലമായതിനാല്‍ പടക്കം പൊട്ടിച്ചതില്‍ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ആളിപ്പടര്‍ന്ന തീയില്‍ രണ്ട് നിലകളില്‍ കാര്യമായ നാശനഷ്ടമുണ്ടായി. ഫ്ലാറ്റുകളിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടം ഒഴിവായി. പല എംപിമാരുടെയും സ്റ്റാഫുകള്‍ അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നു. അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയതെന്നും നിരന്തരം വിളിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും സാകേത് ഗോഖലെ എംപി ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ കുറിച്ചു.

ഉപയോഗ ശൂന്യമായ ഫര്‍ണ്ണിച്ചറുകള്‍ നീക്കാത്തതിനെതിരെയും വിമര്‍ശനം ശക്തമാണ്. പാര്‍ലമെന്‍റില്‍ നിന്ന് 200 മീറ്റര്‍ അകലെ തന്ത്ര പ്രധാന മേഖലയിലെ തീപിടുത്തത്തില്‍ ദില്ലി സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കത്തി നശിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളില്‍ രണ്ടെണ്ണം ഹാരിസ് ബിരാന്‍ എംപിയുടേതാണ്. രാജ്യസഭ എംപിമാര്‍ക്കനുവദിച്ച സമുച്ചയത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ജോസ് കെ മാണി, ഹാരിസ് ബിരാന്‍, ജെബി മേത്തര്‍, പി പി സുനീര്‍ എന്നിവര്‍ക്ക് ഫ്ലാറ്റുകളുണ്ട്. 2020ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബ്രഹ്മപുത്രയടക്കം ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്