കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ തീപിടുത്തം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മാലിന്യ കൂമ്പാരത്തിൽ തീ പടർന്നത്. 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 

ഏഴ് മാലിന്യക്കൂമ്പാരങ്ങളിക്ക് തീ പടർന്നിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫിസർ എ എസ് ജോജി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പന്ത്രണ്ട് യൂണിറ്റുകളും ഹൈ പ്രഷർ പമ്പുകളും ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മണ്ണുമാന്തി ഉപയോഗിച്ച് തീ പിടിച്ച ഭാഗം വേർതിരിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കാറ്റ് ദിശ മാറി മാറി വീശുന്നത് തീ അണക്കാൻ പ്രയാസമാക്കുന്നുണ്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. 

ഉച്ചയ്ക്ക് 12 മണിയോടെയാണ് ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യ മലയുടെ 7 ഇടങ്ങളിൽ തീ പടരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ശക്തമായ കാറ്റും ചൂടും മൂലം തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു. 

 കടുത്ത ചൂടിനും പുകയ്ക്കും പുറമേ പ്ലാസ്റ്റിക് കുപ്പികളും മറ്റും പൊട്ടിത്തെറിക്കുന്നതിനാൽ ഫയർ ഫോഴ്സ് ജീവനക്കാർ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ദൗത്യം തുടരുന്നത്.

എല്ലാ വേനൽക്കാലത്തും ആവർത്തിക്കുന്ന പ്രശ്നത്തിന് 3 മാസത്തിനകം പരിഹാരം കാണുമെന്ന് സ്ഥലത്തെത്തിയ കൊച്ചി കോർപ്പറേഷൻ പ്രതിനിധികൾ പറഞ്ഞു. ബയോ മൈനിങ് നടത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കും. മാലിന്യം കത്തിക്കാൻ മനപൂർവ്വം തീയിട്ടെന്ന പ്രചരണം ശരിയല്ലെന്നും ടി കെ അഷറഫ് പറഞ്ഞു. കൊച്ചി കോർപറേഷൻ നടത്തിയ പരിശോധനയിൽ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം മാത്രം 1 ലക്ഷം  ടൺ വരും. ജൈവ മാലിന്യം വേറെയും.